റിയാദ്: സഊദി അറേബ്യ
ഭീകരവാദത്തിനെതിരെ നടപടി ശക്തമാക്കിയ 2022ൽ ഓൺലൈനിൽ നിന്ന് നീക്കം ചെയ്തത് 1.5 കോടി തീവ്രവാദ ഉള്ളടക്കങ്ങൾ.
ഇതേ ആശയം പ്രചരിപ്പിച്ച 6,824 ഓൺലൈൻ ചാനലുകളും നീക്കം ചെയ്തു. ടെലഗ്രാമിന്റെ സഹകരണത്തോടെ ഗ്ലോബൽ സെന്റർ ഫോർ കോംപാറ്റിങ് എക്സ്ട്രിമിസ്റ്റ് ഐഡിയോളജിയാണ് (ഇഅ്തിദാൽ) നടപടി എടുത്തത്.
നീക്കം ചെയ്ത ഉള്ളടക്കത്തിൽ കൂടുതലും (84.94 ലക്ഷം) അൽഖായിദ ഐ.എസ്, തഹ്രീർ അൽഷാം എന്നീ 3 സംഘടനകളുടെതായിരുന്നു. ഇതിൽ 41.72 ലക്ഷം ഉള്ളടക്കവും 2654 ചാനലുകളും ഐഎസിന്റേതും. 36.96 ലക്ഷം ഉള്ളടക്കവും 703 ചാനലുകളും തഹ്രീർ അൽഷാമിന്റേതും 6.25 ലക്ഷം ഉള്ളടക്കവും 259 ചാനലുകളും അൽഖായിദയുടേതുമായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അറബിക് ഭാഷയിൽ ശബ്ദ, ദൃശ്യ സന്ദേശങ്ങളും പിഡിഎഫ് ഉള്ളടക്കങ്ങളും ഇതിൽ ഉൾപ്പെടും. സമൂഹമാധ്യമങ്ങൾ വഴി ജനങ്ങൾ ചൂഷണം ചെയ്യപ്പെടാതിരിക്കാനാണ് ഇവ നീക്കം ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി.




