റിയാദിൽ വിനോദയാത്ര പോയ വാഹനം മറിഞ്ഞ്​ ഇന്ത്യക്കാരിയും എത്യോപ്യൻ ഡ്രൈവറും മരിച്ചു

0
2741

റിയാദ്​: വിനോദയാത്രക്ക്​ പു​റ​പ്പെട്ട ഇന്ത്യൻ കുടുംബം സഞ്ചരിച്ച വാഹനം റിയാദിൽ അപകടത്തിൽ പെട്ട് ഇന്ത്യക്കാരി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. മും​ബൈ സ്വദേശിനി സരിഗ ജിതേന്ദ്ര അവാദി​ (41), എത്യോപ്യക്കാരനായ ഡ്രൈവർ അബ്​ദുസലാം ഇബ്രാഹിം (50) എന്നിവരാണ്​ മരിച്ചത്​. അപകടത്തിൽ രണ്ടുപേർക്ക്​ പരിക്കേൾൽക്കുകയും ചെയ്തിട്ടുണ്ട്. ​

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിയാദ്​ നഗര മധ്യത്തിൽനിന്ന്​ 70 ഓളം കിലോമീറ്ററകലെ പ്രകൃതി വിസ്​മയമായ ‘എഡ്​ജ്​ ഓഫ്​ ദി വേൾഡി’ലേക്കുള്ള മരുഭൂ പാതയിൽ ചൊവ്വാഴ്​ച വൈകീട്ട്​ നാലിനും അഞ്ചിനുമിടയിലായിരുന്നു അപകടം. വിനോദയാത്രക്ക് പുറപ്പെട്ടതായിരുന്നു സംഘം.

സരിഗയുടെ ഭർത്താവ്​ മഹാരാഷ്​ട്ര കോലാപ്പൂർ സ്വദേശിയും ജുബൈൽ സദാറ കമ്പനിയിൽ കെമിക്കൽ ലാബ്​ ടെക്​നീഷ്യനുമായ ജിതേന്ദ്ര ഭാണ്ഡുരാംഗ്​ അവാദി (49), ഇളയ മകനും ജുബൈൽ ഇന്ത്യൻ സ്​കൂളിൽ 12-ാം ക്ലാസ്​ വിദ്യാർഥിയുമായ സർവേഷ് ജിതേന്ദ്ര​ (17) എന്നിവർക്കാണ്​​ പരിക്കേറ്റത്​. മൂത്ത മകനും ഡൽഹി നേതാജി സുഭാഷ്​ യൂനിവേഴ്​സിറ്റി ഓഫ്​ ടെക്​നോളജിയിൽ അവസാന വർഷ എൻജിനീയറിങ്​ വിദ്യാർഥിയുമായ നയാൻ ജിതേന്ദ്ര (21) പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.

ജിതേന്ദ്രയും കുടുംബവും ഒമ്പത്​ വർഷമായി ജുബൈലിൽ താമസിച്ചു വരികയാണ്. ആറ്​ ദിവസം മുമ്പ് സന്ദർശക വിസയിൽ ജുബൈലിൽ എത്തിയ മകൻ നയാനെയും കൂട്ടി ഇവർ വിനോദയാത്രക്ക് പുറപ്പെട്ടതായിരുന്നു. ​സ്വന്തം കാറിൽ ​ചൊവ്വാഴ്​ ഉച്ചക്ക്​ റിയാദിലെത്തിയ ഇവർ തങ്ങളുടെ കാർ മരുഭൂമിയിലൂടെയുള്ള ഓഫ്​ റോഡ്​ യാത്രക്ക്​ അനുയോജ്യമല്ലാത്തതിനാൽ ഖസീം​ റോഡിലെ പാർക്കിങ്​ ഏരിയയിൽ നിർത്തിയിട്ട ശേഷം പരിചയക്കാരനായ എത്യോപ്യൻ ഡ്രൈവറുടെ ജീപ്പ് റാംഗ്ലർ വാടകക്ക്​ വിളിച്ച്​ എഡ്​ജ്​ ഓഫ്​ ദി വേൾഡിലേക്ക്​ പുറപ്പെടുകയായിരുന്നു.

ഏറെ ദുർഘടമായ വഴിയിലൂടെ യാത്ര തുടരുന്നതിനിടെ ലക്ഷ്യസ്ഥാനത്തിന്​​ ഏതാനും വാര ഇപ്പുറത്തുവെച്ച്​ നിയന്ത്രണം വിട്ട്​ കറങ്ങി മറിഞ്ഞായിരുന്നു അപകടം. മുൻവശത്തെ സീറ്റിൽ ബെൽറ്റിട്ടിരുന്ന നയാൻ ഒഴികെ ബാക്കി നാലുപേരും പുറത്തേക്ക്​ തെറിച്ചുവീണുവെന്നാണ് വിവരം. തെറിച്ചുപോയ സരിഗയുടെ തല ഒരു പാറയിൽ ഇടിച്ചതാണ് മരണപ്പെട്ടത്​. ഡ്രൈവറും സമാനമായ രീതിയിൽ​ തെറിച്ചുവീണു​. രണ്ടുപേരും തൽക്ഷണം മരിച്ചു. ജിതേന്ദ്രയുടെ തോളെല്ലും വാരിയെല്ലും പൊട്ടി. ഇളയ മകൻ സർവേഷിന്​ നിസാര പരിക്കേറ്റു​. നയാൻ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.

ഈ സമയം അതുവഴി പോയ മറ്റ്​ യാത്രക്കാർ അറിയിച്ചത് പ്രകാരം ഉടൻ​ പൊലീസ്​ എത്തി രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ഹുറൈമില ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമല്ലാത്തതിനാൽ അവിടെ അഡ്​മിറ്റ്​ ചെയ്​തില്ല. തുടർന്ന്​ രാത്രി തന്നെ സാമൂഹികപ്രവർത്തകൻ ശിഹാബ്​ കൊട്ടുകാട്​ ഹുറൈമില എത്തി രണ്ടുപേരെയും റിയാദിലെ ആസ്​റ്റർ സനദ്​ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജിതേന്ദ്രയെ അടിയന്തര ശസ്​ത്രക്രിയകൾക്ക്​ വിധേയമാക്കി. പരിക്കുകൾ ഭേദമായി വരുന്നു. സർവേഷും സുഖം പ്രാപിക്കുന്നു.

ഹുറൈമില ആശുപത്രി മോർച്ചറിയിലുള്ള സരിഗയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ ശിഹാബ്​ കൊട്ടുകാടി​ന്റെ നേതൃത്വത്തിൽ പൂർത്തിയായി വരികയാണ്. മുംബൈ സ്വദേശികളായ ഉമേഷ്​, ഭാരത്​, പരിഷിത്ത്​, സന്തോഷ്​, സുദർശൻ, സൗദി പൗരൻ മുഹമ്മദ്​ അൽ അജ്​മി, തമിഴ്​നാട്​ സ്വദേശി ലോക്​നാഥ് എന്നിവരും സഹായത്തിനായുണ്ട്. മരിച്ച സരിഗയുടെ പിതാവ്​ ഭാനുദാസ്​. മാതാവ്​: ജഗു ബായി. മൃതദേഹം കോലാപ്പൂരിലുള്ള ഭർതൃവീട്ടിലേക്കാണ്​ കൊണ്ടുപോകുക.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക