റിയാദ്: 2021-ൽ സഊദി അറേബ്യ 12.4 ദശലക്ഷം മൊബൈൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്തു.
ഇതോടെ ഇറക്കുമതി ചെയ്യുന്ന മൊബൈൽ കമ്മ്യൂണിക്കേഷൻസ് ഉപകരണ വിപണി 20 ബില്യൺ റിയാൽ കവിഞ്ഞതായി കമ്മ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷൻ വെളിപ്പെടുത്തി.
നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിട്ടുള്ള 53 ദശലക്ഷത്തിലധികം ഉപകരണങ്ങളിൽ 40 ദശലക്ഷം സ്മാർട്ട്‌ഫോണുകളുണ്ടെന്ന് കമ്മീഷൻ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിവിധ മേഖലകളുമായി സഹകരിച്ച് കമ്മീഷൻ, റീസൈക്ലിംഗ് ഇലക്ട്രോണിക് ഉപകരണങ്ങൾ സംരംഭത്തിന്റെ (റീസൈക്കിൾ യുവർ ഡിവൈസ്) രണ്ടാം ഘട്ടം ആരംഭിച്ചത് ശ്രദ്ധേയമാണ്.
ടാബ്‌ലെറ്റുകൾ, പ്രിന്ററുകൾ, ലാപ്‌ടോപ്പുകൾ, ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, മോഡമുകൾ, ലാൻഡ്‌ലൈൻ ഫോണുകൾ എന്നിങ്ങനെ എല്ലാത്തരം ഉപകരണങ്ങളും റീസൈക്കിൾ ചെയ്യുക എന്നതാണ് റീസൈക്കിൾ യുവർ ഡിവൈസ് സംരംഭം ലക്ഷ്യമിടുന്നത്.
ഉപകരണങ്ങൾ ശരിയാക്കി പുനരുപയോഗ പ്രക്രിയ പൂർത്തിയാക്കും, തുടർന്ന് അത് ആവശ്യമുള്ള കുടുംബങ്ങൾക്ക് സംഭാവന ചെയ്യും, അല്ലെങ്കിൽ പ്രത്യേക രീതികളും മാർഗങ്ങളും അനുസരിച്ച് അവയെ പുനരുപയോഗം ചെയ്ത് നശിപ്പിക്കും.