മൊറോക്കന്‍ കുതിപ്പിന് അന്ത്യം; ഫ്രാന്‍സ് ഫൈനലില്‍

അർജന്റീന-ഫ്രാൻസ് ഫൈനൽ

0
2357

ദോഹ: പുതുചരിത്രം പിറന്നില്ല….., ആഫ്രിക്കന്‍ സൂര്യന്‍ ഉദിച്ചുയര്‍ന്നില്ല……, ലോകകപ്പിന്റെ കലാശപ്പോരില്‍ അര്‍ജന്റീനയ്ക്കൊപ്പം കൊമ്പുകോര്‍ക്കാന്‍ നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സ് തന്നെ. അമ്പത് കൊല്ലം മുന്‍പ് നാട്ടില്‍ നിന്ന് ഫ്രഞ്ച് സേനയെ സ്വന്തം മണ്ണില്‍ നിന്ന് തുരത്തിയ മൊറോക്കോക്കാര്‍ക്ക് അതേ പോരാട്ടവീറ്, ചരിത്രം കളമൊരുക്കിയ ലോകകപ്പ് സെമിയില്‍ ആവര്‍ത്തിക്കാനായില്ല. ലോകകപ്പ് ഫൈനല്‍ പ്രവേശം എന്ന അവരുടെ ചിരകാല സുവര്‍ണസ്വപ്നം ഫ്രഞ്ച് കരുത്തിനും അനുഭവസമ്പത്തിനും മുന്നില്‍ വീണു പൊലിഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അവസാന ശ്വാസം വരെ വീറോടെ പൊരുതിയ ആഫ്രിക്കന്‍ കരുത്തര്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ വഴങ്ങിയാണ് നിലവിലെ ചാമ്പ്യന്മാരോട് അടിയറവു പറഞ്ഞത്. മൊറോക്കന്‍ ആക്രമണത്തിന് മുന്നില്‍ പലപ്പോഴുംവിറച്ചുപോയിരുന്ന ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലായി. ചരിത്രത്തിലെ നാലാമത്തെ ഫൈനലും.

തിയോ ഫെര്‍ണാണ്ടസാണ് അഞ്ചാം മിനിറ്റില്‍ തന്നെ ഫ്രാന്‍സിന് അപ്രതീക്ഷിതമായി ലീഡ് നല്‍കിയത്. എംബാപ്പെയും ഗ്രീസ്മാനും വരാനെയും ചേര്‍ന്ന് രൂപപ്പെടുത്തിയ നീക്കമാണ് ഹെര്‍ണാണ്ടസിന്റെ സുന്ദരന്‍ ഗോളില്‍ കലാശിച്ചത്. കിട്ടിയ റീബൗണ്ട് ഗോളിയുടെ തൊട്ടടുത്ത് നിന്ന് ഒന്നാന്തരമൊരു അക്രോബാറ്റിക് വോളിയിലൂടെയാണ് ഹെര്‍ണാണ്ടസ് വലയിലാക്കിയത്. ഈയൊരൊറ്റ ഗോളില്‍ ഫ്രാന്‍സ് കളി തീര്‍ക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് എഴുപത്തിയൊന്‍പതാം മിനിറ്റില്‍ പകരക്കാരന്‍ റാന്‍ഡല്‍ കൊളൊ മുവാനി വിജയമുറപ്പിച്ച് രണ്ടാം ഗോള്‍ വലയിലാക്കുന്നത്.

മൊറോക്കന്‍ പ്രതിരോധത്തെ ഛിന്നഭിന്നമാക്കി എംബാപ്പെ കൊടുത്ത പന്താണ് റാന്‍ഡല്‍ ആറ് വാര മാത്രം അകലെ നിന്ന് അനായാസം വലയിലേക്ക്ക്ക് തിരിച്ചുവിട്ടത്. ഒസ്മാന്‍ ഡെബല്ലെയക്ക് പകരക്കാരനായി ഇറങ്ങി നാല്‍പത്തിനാലാം സെക്കന്‍ഡിലാണ് റാന്‍ഡല്‍ തന്റെ കന്നി ലോകകപ്പ് ഗോള്‍ നേടുന്നത്. ഈ മത്സരത്തിലെ റാന്‍ഡലിന്റെ ആദ്യ ടച്ചായിരുന്നു ഗോളിലേയ്ക്കുള്ള ഷോട്ട്.

പ്രതീക്ഷിച്ചപോലെ ആധിപത്യം പുലര്‍ത്താനാവാതെ പോയ ഫ്രാന്‍സിന് ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും കിട്ടിയ അവസരങ്ങള്‍ എണ്ണിയെണ്ണി തുലച്ചാണ് മൊറോക്കോ അടിയറവു പറഞ്ഞത്. മധ്യനിരയിലും ഫ്രഞ്ച് ഏരിയയിലും കിട്ടിയ മേല്‍ക്കൈ ഒന്നും ഗോളിലേയ്ക്ക് വഴിതിരിച്ചുവിടാന്‍ അവര്‍ക്കായില്ല. കൊടുത്ത ഒന്നാന്തരം ക്രോസുകള്‍ വേണ്ടവണ്ണം കണക്ട് ചെയ്യാന്‍ ആളില്ലാതെ പോവുകയും ചെയ്തു.

നാളിതുവരെ മികവ് പുലര്‍ത്തിയ മൊറോക്കന്‍ പ്രതിരോധക്കോട്ടയിലും വിള്ളലുകള്‍ യഥേഷ്ടം കണ്ടു. വഴങ്ങിയ രണ്ട് ഗോളുകളും പ്രതിരോധഭടന്മാര്‍ക്ക് വഴിയില്‍ വച്ചു തന്നെ മുനയൊടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. നിസാരമായാണ് അവര്‍ ആ നീക്കങ്ങള്‍ക്ക് സ്വന്തം ഗോള്‍മുഖത്തേയ്ക്ക് ഒഴുകി ഇറങ്ങാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക