ഇന്റർവ്യൂ നടത്തുമ്പോൾ ചില ചോദ്യങ്ങൾക്ക് വിലക്ക്, തൊഴിൽ ഒഴിവുകൾ പരസ്യപ്പെടുത്തുമ്പോൾ ഈ നിബന്ധനകൾ പാലിക്കണം: സഊദിയിൽ സ്ഥാപനങ്ങൾക്ക് പുതിയ നിബന്ധനകളുമായി തൊഴിൽ മന്ത്രാലയം

0
2103

റിയാദ്: തൊഴിൽ നിയമത്തിന് വിധേയമായി എല്ലാ സ്ഥാപനങ്ങളിലും ഒഴിവുകൾ പ്രഖ്യാപിക്കുമ്പോഴും തൊഴിൽ അഭിമുഖങ്ങൾ നടത്തുമ്പോഴും നിരവധി നിയന്ത്രണങ്ങളും നിബന്ധനകളും നടപ്പിലാക്കാനൊരുങ്ങി സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതിനെക്കുറിച്ച് പൊതുജനാഭിപ്രായം തേടാൻ “ഇസ്തിതില” പ്ലാറ്റ്‌ഫോമിൽ മുന്നോട്ട് വച്ച തീരുമാനത്തിന് അനുസൃതമായി – ഓരോ സ്ഥാപനവും ഒഴിവുകൾ പ്രഖ്യാപിക്കുമ്പോഴും ജോലി അഭിമുഖങ്ങൾ നടത്തുമ്പോഴും നിരവധി നിയന്ത്രണങ്ങളും നിബന്ധനകളും പാലിക്കണം. അവരുടെ വിശദാംശങ്ങൾ ഇനിപ്പറയുന്നവയാണ്:

ജോലി ഒഴിവുകൾ പരസ്യപ്പെടുത്തുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ 👇

ജോബ് ടൈറ്റിൽ, ചെയ്യേണ്ട ജോലികൾ, മിനിമം വിദ്യാഭ്യാസ യോഗ്യത, ജോലി നികത്താൻ ആവശ്യമായ വൈദഗ്ധ്യം, പ്രവർത്തിപരിചയം അനുഭവം എന്നിവയോടൊപ്പം, പരസ്യത്തിലെ തൊഴിൽ ഒഴിവുകളും ജോലി അപേക്ഷ ആവശ്യകതകളും സ്ഥാപനങ്ങൾ വ്യക്തമായി വിവരിച്ചിരിക്കണം.

സ്ഥാപനത്തിന്റെ പേര്, പ്രവർത്തനം, ആസ്ഥാനം, ജോലിസ്ഥലം എന്നിവയുൾപ്പെടെ, ഫിസിക്കൽ, റിമോട്ട്, താൽക്കാലിക, അല്ലെങ്കിൽ പാർട്ട് ടൈം എന്നിങ്ങനെയുള്ള ജോലിസ്വഭാവം വ്യക്തമാക്കുന്നതിനൊപ്പം സ്ഥാപനത്തിന്റെ വ്യക്തമായ വിവരണങ്ങളും സ്ഥാപനങ്ങൾ നൽകണം. ലിംഗഭേദം, വൈകല്യം, പ്രായം, വൈവാഹിക നില അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള വിവേചനം തുടങ്ങി ഒരു തരത്തിലുള്ള വിവേചനവും തൊഴിൽ പരസ്യത്തിൽ ഇല്ലെന്ന് ഉറപ്പ് വരുത്തണം.

ജോലി അഭിമുഖങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ  അഭിമുഖങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയം 10 നിയന്ത്രണങ്ങളും നിബന്ധനകളും മുന്നോട്ട് വെച്ചിട്ടുണ്ട്.

അവ ഇപ്രകാരമാണ്👇

ജോലി അഭിമുഖങ്ങൾക്കായി ഒരു കമ്മിറ്റി രൂപീകരിക്കണം. അപേക്ഷകൻ വികലാംഗനായ വ്യക്തിയാണെങ്കിൽ, അവന്റെ വൈകല്യമനുസരിച്ച് ഉചിതമായ ആശയവിനിമയ മാർഗങ്ങൾ നൽകണം, അതായത്, ശ്രവണ വൈകല്യമോ സംസാരശേഷില്ലാത്തതോ ആയ ഒരാൾക്ക് ഒരു ആംഗ്യഭാഷാ വ്യാഖ്യാതാവിന്റെ സാന്നിധ്യം ഉണ്ടായിരിക്കണം.

വിഭാഗം, രാഷ്ട്രീയം, വംശം, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വ്യക്തിപരമായ ചോദ്യങ്ങൾ അഭിമുഖത്തിനിടെ ചോദിക്കാൻ പാടില്ല, അപേക്ഷകൻ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കരുത് എന്നീ വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകൻ തന്റെ മുൻ ജോലിയിൽ നിന്ന് ലഭിക്കുന്ന വേതനം വെളിപ്പെടുത്താനും ബാധ്യസ്ഥനല്ല.

അഭിമുഖം പിന്നീട് അവലോകനം ചെയ്യുന്നതിനായി രേഖാമൂലം രേഖപ്പെടുത്തുന്നതിനൊപ്പം, നൽകാൻ ഉദ്ദേശിക്കുന്ന വേതനം അല്ലെങ്കിൽ ഒഴിവുള്ള തസ്തികയുടെ മിനിമം വേതനം, ജോലിയുടെ സ്വഭാവം, സമയം, ജോലി ആനുകൂല്യങ്ങൾ എന്നിവ വ്യക്തമാക്കണം. തൊഴിൽ അഭിമുഖത്തിന്റെ തീയതി മുതൽ പരമാവധി 14 ദിവസത്തിനുള്ളിൽ ഏതെങ്കിലും ഔദ്യോഗിക അറിയിപ്പ് വഴി അഭിമുഖങ്ങളുടെ ഫലങ്ങൾ അപേക്ഷകരെ അറിയിച്ചിരിക്കുകയും വേണം.

തൊഴിൽ നിയമത്തിന് വിധേയമായ സ്ഥാപനങ്ങൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. തീരുമാനം നടപ്പിലാക്കുന്നത് സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ഷെഡ്യുൾ അനുസരിച്ച് നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്യും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക