റിയാദ്: സഊദിയിലെ അധ്യാപകർക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കുന്നു. രാജ്യത്തെ സ്വകാര്യ സ്‌കൂളുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ ബൈലോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബൈലോ സഊദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അന്തിമ മിനുക്കുപണികളിലാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്വകാര്യ സ്കൂളുകളിലെ അധ്യാപകർ സഊദി എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് ഇവാലുവേഷൻ കമ്മീഷൻ നൽകുന്ന സാധുതയുള്ള പ്രൊഫഷണൽ ലൈസൻസ് നേടിയിരിക്കണം എന്നാണ് പുതിയ ബൈലോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഇന്ത്യൻ എംബസി സ്കൂളുകൾ ഉൾപ്പെടെ മുഴുവൻ സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകൾക്കും വേണ്ടിയുള്ള പരിഷ്കരിച്ച ബൈലോ ആണ് അണിയറയിൽ ഒരുങ്ങുന്നത്. പരിഷ്കരിച്ച ബൈലോ അംഗീകരിച്ച് മന്ത്രാലയം അറിയിപ്പ് പുറത്തിറക്കും.
ബൈലോ അനുസരിച്ച്, വിദേശ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾ സഊദി അറേബ്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും പഠിപ്പിക്കണം. സഊദികൾക്കോ വിദേശ നിക്ഷേപകർക്കോ വിദേശ സ്‌കൂളുകൾ നടത്താനുള്ള ലൈസൻസിന് അപേക്ഷിക്കാമെന്നാണ് ചട്ടം. വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾക്കനുസൃതമായി അക്കാദമിക് കലണ്ടറിൽ ഭേദഗതിക്കായി ഒരു സ്വകാര്യ സ്കൂളിന് അപേക്ഷിക്കാനാകും.
കൂടാതെ, വ്യവസ്ഥകളുടെയും നിയമങ്ങളുടെയും ലംഘനം, ഇസ്‌ലാം മതത്തെയും സഊദി അറേബ്യയെയും അതിന്റെ നേതാക്കളെയും പൊതു വ്യക്തികളെയും വ്രണപ്പെടുത്തൽ, സമൂഹത്തിന്റെ ബൗദ്ധിക സുരക്ഷയോ ആരോഗ്യ സുരക്ഷാ ആവശ്യകതകളുടെ ലംഘനമോ ശിക്ഷാർഹമായ കുറ്റകൃത്യങ്ങളാണ്. വിവിധ ലംഘനങ്ങൾക്ക് 500,000 റിയാലിൽ കൂടാത്ത പിഴ, സ്‌കൂൾ അടച്ചുപൂട്ടൽ, ലൈസൻസ് റദ്ദാക്കൽ, സ്‌കൂൾ പ്രിൻസിപ്പലിനെയോ അധ്യാപകരെയോ നാടുകടത്തൽ എന്നിവ നേരിടേണ്ടിവരും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




