ജിദ്ദ: എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഖൈബർ’ ഇസ്‌ലാമിക ചരിത്ര കഥാ പ്രസംഗം ശ്രദ്ധേയമായി. ബാഗ്ദാദിയ്യ എസ് ഐ സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കഥാ പ്രസംഗ പരിപാടി ആസ്വദിക്കാൻ നിരവധി പേർ സന്നിഹിതരായിരുന്നു. പ്രശസ്ത കാഥികൻ സയ്യിദ് ശറഫുദ്ധീൻ തങ്ങൾ അൻസ്വരി തൂത (കേരള ഖിസ്സപ്പാട്ട് സംഘം പ്രസിഡന്റ്), പിന്നണി ഗായകൻ ഹാഫിദ് മുസ്‌ലിയാരങ്ങാടി, മക്ക (കേരള ഖിസ്സപ്പാട്ട് സംഘം ജോ:സെക്രട്ടറി) എന്നിവരാണ് കഥാ പ്രസംഗം അവതരിപ്പിച്ചു സദസ്സിന്റെ മനം കവർന്നത്.
ഇസ്‌ലാമിക പ്രബോധന രംഗത്ത് കഥാ പ്രസംഗം എന്ന കലക്ക് വലിയ പ്രാധാന്യം ഉണ്ടെന്ന് സയ്യിദ് ശറഫുദ്ധീൻ തങ്ങൾ അൻസ്വരി പറഞ്ഞു. കേരളത്തിൽ പ്രവർത്തിക്കുന്ന മത – വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായതിൽ ഇസ്‌ലാമിക കഥാ പ്രസംഗം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഈ രംഗത്ത് പ്രവർത്തിച്ചിരുന്ന കലാകാരന്മാരെ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പരിപാടി എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ അധ്യക്ഷത വഹിച്ചു.ഉംറ നിർവഹിക്കാൻ എത്തിയ അബൂദാബി എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് ഷഹീൻ തങ്ങൾ, അബൂദാബി എസ് കെ എസ് എസ് എഫ് മലപ്പുറം ജില്ല പ്രസിഡന്റ് സയ്യിദ് ഹബീബുല്ല തങ്ങൾ മേലാറ്റൂർ എന്നിവർക്ക് പരിപാടിയിൽ വെച്ച് സ്വീകരണം നൽകി.
എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി സ്വാഗതവും എസ് ഐ സി നാഷണൽ കമ്മിറ്റി സെക്രട്ടറി ഉസ്മാൻ എടത്തിൽ നന്ദിയും പറഞ്ഞു.




