കോൺഗ്രസ്‌ നേരിടുന്നത് ഫാസിസം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ: ഷാഫി പറമ്പിൽ എം എൽ എ

ജിദ്ദ: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതരത്വ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് നേരിടുന്ന പ്രതിസന്ധികള്‍ ഫാസിസ്റ്റ് ഭരണകൂടം സൃഷ്ടിക്കുന്ന വേട്ടയാടലുകളാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എം എല്‍ എ പറഞ്ഞു. ഹൃസ്യ സന്ദർശനാർത്ഥം ജിദ്ദയിൽ എത്തിയ അദ്ദേഹം ഒ ഐ സി സി സഊദി വെസ്റ്റേൺ റീജിണൽ കമ്മിറ്റി നൽകിയ സ്വികരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് എന്ന പ്രസ്ഥാനത്തിനു കുറവുകളും പോരായ്മകളും ഉണ്ടാവാം. അതിനെകുറിച്ചുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും എന്നും സ്വാഗതം ചെയ്തിട്ടേയുള്ളൂ. എന്നാല്‍, അതോടൊപ്പം ചര്‍ച്ചചെയ്യേണ്ട ഭരണകൂട രാഷ്ട്രീയ വേട്ട പലരും കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഭരണഘടനയും കോടതികളും ഭരണഘടന സ്ഥാപനങ്ങളും മാധ്യമങ്ങളും നേരിടുന്ന മൊത്തം പ്രതിസന്ധികള്‍ക്ക് സമാനമായതോ അതിലധികമോ ഭരണകൂടത്തില്‍ നിന്നും വെല്ലുവിളി നേരിടുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് ആണ്. അതിന്റെ കാരണം ഇന്ത്യയുടെ അസ്ഥിത്വം നശിപ്പിച്ചു രാജ്യത്തെ ഇല്ലായ്മ ചെയ്യുക എന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് എന്ന പ്രസ്ഥാനം ഉള്ള കാലത്തോളം ഫാസിസ്റ്റുകള്‍ക്ക് സാധ്യമല്ല എന്നത് ഏറ്റവും നന്നായി അറിയുന്നവരാണ് ഇന്നത്തെ കേന്ദ്ര സര്‍ക്കാരും സംഘ പരിവാറുമെന്ന് അദ്ദേഹം വിശദീകരിച്ചു.

ഭരണഘടനയുടെ 74-മത് ദിനാചരണത്തോടനുബന്ധിച്ച് ചടങ്ങിൽ പങ്കെടുത്തവരെ കൊണ്ട് ഭരണഘടനയുടെ ആമുഖം വായിപ്പിച്ചു കൊണ്ട് ഷാഫി പറമ്പിൽ പ്രതിജ്ഞ ചെയ്തതു. റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ.ടി. എ മുനീർ അധ്യക്ഷത വഹിച്ചു. സീനിയർ നേതാവും ഗ്ലോബൽ കമ്മിറ്റി അംഗവുമായ ചെമ്പൻ അബ്ബാസ് ഷാൾ അണിയിച്ച് ഷാഫി പറമ്പിലിനെ സ്വികരിച്ചു.

ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ വി. പി മുഹമ്മദ് അലി, മീഡിയ ഫോറം പ്രസിഡണ്ട് പി. എം മായിൻ കുട്ടി, പ്രവാസി സേവന കേന്ദ്ര കൺവീനർ അലി തേക്കുതോട്, നോർക്ക ഹെല്പ് സെൽ കൺവീനർ നൗഷാദ് അടൂർ, ശബരിമല തീർത്ഥാടക സേവന കേന്ദ്രം കൺവീനർ അനിൽ കുമാർ പത്തനംതിട്ട, അബ്ദുൽ മജീദ് നഹ, ശ്രീജിത്ത് കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു.

കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സലാം മുക്കൂടെൻ, ലൂയിസ് എന്ന ചലച്ചിത്രത്തിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച ഒ ഐ സി സി അംഗം കൂടിയായ സിയാദ് പത്തനംതിട്ട എന്നിവരെ ചടങ്ങിൽ വെച്ച് ഷാഫി പറമ്പിൽ ഷാൾ അണിയിച്ചു. ജനറൽ സെക്രട്ടറിമാരായ സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും മമ്മദ് പൊന്നാനി നന്ദിയും പറഞ്ഞു.