ഫോക്കസ് ബുക് ഹറാജ് ശ്രദ്ധേയമായി

ജിദ്ദ: പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം കൊണ്ടും പഴയതും പുതിയതുമായ വൈവിധ്യമാർന്ന പുസ്തകങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ദേയമായ ഫോക്കസ് ‘ബുക്ക്‌ ഹറാജ്’ അക്ഷരാർത്ഥത്തിൽ അക്ഷരങ്ങളുടെ ഉത്സവമായി. സ്ത്രീകളും കുട്ടികളുമടക്കം പ്രവാസി സമൂഹത്തിലെ നാനാതുറയിൽ നിന്നുള്ള പുസ്തക പ്രേമികളെ രണ്ടാമത് ബുക്ക് ഹറാജ് ആകർഷിച്ചു. ലിറ്റ് എക്സ്പോയുടെ ഭാഗമായി ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച പ്രദർശന വിപണന മേളയിൽ ബുക്ക് ഹറാജിന് പുറമെ ആർട്ട് എക്സിബിഷൻ, ലെഗസി ഡോക്യുമെന്ററി, വേൾഡ് കപ്പ് സെൽഫി കൗണ്ടർ, ഫുഡ് കോർട്ട് തുടങ്ങിയവയും ഒരുക്കിയിരുന്നു. വൈകിട്ട് നാല് മണിക്ക് ആരംഭിച്ച പരിപാടികൾ രാത്രി പത്ത് മണിവരെ തുടർന്നു.

പുസ്തക മേളയുടെ ഉദ്ഘാടനം മാധ്യമ പ്രവർത്തകൻ സജിത് എ. എം നിർവഹിച്ചു. പുസ്തകങ്ങൾ വായിക്കപ്പെടുമ്പോഴാണ് അക്ഷരങ്ങൾക്ക് ജീവൻ ലഭിക്കുന്നത് എന്നും ഷെൽഫുകളിൽ മരിച്ചു കിടക്കുന്ന പുസ്തകങ്ങൾക്ക് ജീവനേകുകയാണ് ബുക്ക് ഹറാജിലൂടെ ഫോക്കസ്‌ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വേറിട്ട പാതയിലൂടെ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കാറുള്ള ഫോക്കസിനെ നേരെത്തെ തന്നെ ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ജൈസൽ അബ്ദുറഹ്മാൻ സ്വാഗതവും റഷാദ് കരുമാര നന്ദിയും പറഞ്ഞു.

പ്രവാസി എഴുത്തുകാരുടെ രചനകൾ, പ്രമുഖരുടെ ആത്മകഥകൾ, പ്രശസ്തരായ എഴുത്തുകാരുടെ ലേഖനങ്ങൾ, കവിതകൾ, നോവലുകൾ, കുട്ടികളുടെ പുസ്തകങ്ങൾ, അക്കാദമിക് പുസ്തകങ്ങൾ, ഇസ്‌ലാമിക മത പഠന പുസ്തകങ്ങൾ തുടങ്ങി രണ്ടായിരത്തോളം പുസ്തകങ്ങൾ മേളയിൽ സജ്ജമാക്കിയിരുന്നു. വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ ചെറിയ വിലക്ക് മറ്റുള്ളവർക്ക് വിൽപന നടത്തുവാനും, സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച് കിട്ടാതെ പോയ പല പുസ്തകങ്ങളും സ്വന്തമാക്കാനും പലർക്കും സാധിച്ചു എന്നതും ബുക് ഹരാജിനെ മറ്റു പുസ്തകമേളകളിൽ നിന്നും വ്യത്യസ്തമാക്കി. മലയാളിയുടെ പുസ്തകാസ്വാദനത്തിന്റെ മികവ് വിളിച്ചറിയിക്കുന്നതായിരുന്നു സ്റ്റാളുകളികിലെ തിരക്ക്.

ബുക്ക് ഹരാജിനോടനുബന്ധിച്ച് വിവിധ പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ജിദ്ദയിൽ നിന്നും ഇരുന്നൂറു കിലോമീറ്റർ അകലെ അൽ ലൈത്തിൽ നിന്നും ബുക്ക് ഹരാജിൽ പങ്കെടുക്കാനെത്തിയ പ്രവാസി കവയിത്രി സുഫൈറ അലിയുടെ ‘മരുഭൂമിയിലെ നിലാമഴ’ എന്ന കവിത സമാഹാരം മാധ്യമ പ്രവർത്തകൻ സജിത്ത് എ. എം. ഫോക്കസ് സി ഇ ഒ ജൈസൽ അബ്ദുറഹ്മാന് നൽകിക്കൊണ്ട് നിർവഹിച്ചു. എ. പി അൻവർ വണ്ടൂരിന്റെ ‘മരുഭൂമിയിലെ മഴടയാളങ്ങൾ’ സജിത്ത് എ. എം അബ്ദുല്ല മുക്കണ്ണിക്ക് നൽകി നിർവഹിച്ചു. ആബിദീന ഷഫീനയുടെ ‘മസറയിലെ സുന്ദരി’ എന്ന പുസ്തകം ബഷീർ വള്ളിക്കുന്ന് ഷിബു തിരുവന്തപുരത്തിന് നൽകി നിർവഹിച്ചു. കമർ ഭാനു അബ്ദുസ്സലാം രചിച്ച ‘പ്രണയ ഭാഷ’ എന്ന പുസ്തകം മാധ്യമ പ്രവർത്തകൻ സാദിഖലി തുവ്വൂർ കെ.ടി. എ മുനീറിന് നൽകി പ്രകാശനം നിർവഹിച്ചു. നിഖില സമീർ രചിച്ച ‘അമേയ’ എന്ന കവിത സമാഹാരം മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല പ്രസിഡണ്ട് ശരീഫ് കുറ്റൂർ അബ്ദുള്ള മുക്കണ്ണിക് നൽകി പ്രകാശനം നിർവഹിച്ചു.