പ്രകാശ വിസ്മയം തീർത്ത്‌ ലോകത്തെ ഏറ്റവും വലിയ റെക്കോർഡ് കരസ്ഥമാക്കി നൂർ റിയാദ്

0
1476

റിയാദ്: രണ്ടാമത് നൂർ റിയാദിന് സമാപനം. ഗിന്നസ് ബുക്കിൽ ആറു റെക്കോർഡുകൾ സ്വന്തമാക്കി. റിയാദിലെ പാർക്കുകളും പ്രധാന കെട്ടിടങ്ങളും ഏരിയകളും ലൈറ്റ് അപ് ചെയ്ത് വിസ്മയം തീർത്താണ് നൂർ റിയാദ് റെക്കോർഡുകൾ സ്വന്തമാക്കിയത്.

പ്രകാശകല മേഖലയിലെ ലോകത്തെ ഏറ്റവും വലിയ റെക്കോർഡ് ആണെന്ന് റിയാദ് ആർട്ട് സി.ഇ.ഒ എൻജിനീയർ ഖാലിദ് അൽസഹ്‌റാനി പറഞ്ഞു.

40 രാജ്യങ്ങളിൽനിന്നുള്ള 130 കലാകാരന്മാർ നേതൃത്വം നൽകിയ നൂർ റിയാദ് കിംഗ് അബ്ദുല്ല പാർക്ക്, സലാം പാർക്ക്, ഡിപ്ലോമാറ്റിക് കോർട്ട്, ദർഇയയിലെ ജാക്‌സ് സ്ട്രീറ്റ്, കിംഗ് അബ്ദുല്ല ഇകണോമിക് സെന്റർ എന്നീ അഞ്ചു പ്രധാന കേന്ദ്രങ്ങളെയടക്കം 40 കേന്ദ്രങ്ങളെയാണ് പ്രകാശ വിസ്മയം തീർത്തത്. 

30 കലാകാരന്മാർ അണിനിരക്കുന്ന ഔട്ട്‌ഡോർ ശിൽപകല 2023 ജനുവരിയിൽ നടക്കും. ഏറ്റവും നൂതന സാങ്കേതിക വിദ്യകളിലൂടെ കലാപരമായ ആശയങ്ങളുപയോഗിച്ച് നഗരത്തിലെ എല്ലാ ടവറുകളെയും ലേസറുകളിലൂടെ ബന്ധിപ്പിക്കാൻ നൂർ റിയാദിന് സാധിച്ചെന്നും സംവിധായകരിലൊരാളായ ഫ്രഞ്ച് ലൈറ്റ് അപ് കലാകാരൻ അർനോ മാർട്ടിൻ പറഞ്ഞു.

ഞങ്ങൾ നവചക്രവാളങ്ങളുടെ സ്വപ്‌നത്തിലാണെന്ന ശീർഷകത്തിൽ ഈ മാസം ഒന്നു മുതൽ 19 വരെയാണ് പരിപാടി നിശ്ചയിച്ചിരുന്നത്.  
ലണ്ടനിലെ ചാൾസ് സാൻഡിസന്റെ സൃഷ്ടികൾ ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ വേദിയിലാണ് പ്രദർശിപ്പിച്ചത്. വാട്ടർലൈറ്റ് എന്ന പേരിൽ ഡച്ച് കലാകാരനായ ഡാ റൂസ്ഗാർഡ് ജലത്തിന്റെ ശക്തിയും അത് വഹിക്കുന്ന ആശയങ്ങളും വ്യക്തമാക്കുന്ന അതിശയിപ്പിക്കുന്ന പ്രകടനമാണ് സലാം പാർക്കിൽ ഒരുക്കിയത്.

സഊദി കലാകാരനായ അസ്അദ് ബദവിയുടെ സൂര്യൻ പ്രകാശ ഉച്ചകോടിയിൽ പങ്കെടുക്കുന്നുവെന്ന ശീർഷകത്തിലെ ലൈറ്റ് ഷോ കിംഗ് അബ്ദുല്ല ഇക്കണോമിക് സെന്ററിലാണ് സംഘടിപ്പിച്ചത്.

അറബ് ലോകത്തെ പ്രമുഖ ഗായകരായ മുഹമ്മദ് അബ്ദു, അഹ്‌ലാം, അബ്ദുൽ കരീം അബ്ദുൽ ഖാദർ, മെയ് ഫാറൂഖ് എന്നിവരുടെ പ്രണയ ഗാനങ്ങളുടെ വരികൾക്കനുസരിച്ച് കലാകാരി ദാനിയ അൽസാലിഹ് ചിട്ടപ്പെടുത്തിയ ലൈറ്റ് ഷോ ഊദ് സ്‌ക്വയറിലും പ്രദർശിപ്പിച്ചു.

 ഫ്രഞ്ച് കലാകാരൻ ഇയാൻ കെർസാലി രൂപപ്പെടുത്തിയ ഗ്രാമി അവാർഡ് ജേതാവ് ജെയ് ഇസഡിന്റെ ട്യൂണിനനുസരിച്ച് കിംഗ്ഡം ടവർ, ഫൈസലിയ ടവർ, മജ്ദൂൽ ടവർ എന്നിവക്കിടയിൽ ലേസർ ലൈറ്റുകളുടെ ഷോയായിരുന്നു ഇതിൽ ഏറ്റവും ആകർഷകമായത്.