അബുദാബി: യുഎഇയിൽ പകർച്ചപ്പനി (ഇൻഫ്ലുവൻസ) കൂടുന്നതിന്നാൽ ഫ്ലൂ വാക്സിൻ എടുത്ത് പ്രതിരോധം ശക്തമാക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.
ചില എമിറേറ്റുകളിലെ സ്വകാര്യ ആശുപത്രികളിൽ രോഗികൾ നിറഞ്ഞതിനാൽ പുതുതായി എത്തുന്നവരെ അഡ്മിറ്റ് ചെയ്യാനാവാത്ത സ്ഥിതിയും ഉണ്ട്.
ഫ്ലൂ വാക്സിൻ എടുത്താൽ രോഗം ഗുരുതരമാകുന്നത് തടയാമെന്നും ഓർമിപ്പിച്ചു. കുട്ടികളിലാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്തു വരുന്നത്. രോഗമുള്ള കുട്ടികളെ സ്കൂളിലേക്കു വിടരുതെന്നും ഓർമിപ്പിച്ചു.
ഇൻഫ്ലുവൻസ എ, ബി, റെസ്പിറേറ്ററി സെൻസേഷണൽ വൈറസ് (ആർഎസ്്‌വി) എന്നിവയാണ് നിലവിൽ പ്രചാരത്തിലുള്ള വൈറസുകൾ. ഇതിൽ തന്നെ ചെറിയ കുട്ടികളിലും പ്രതിരോധ ശേഷി കുറഞ്ഞ ആസ്മ, ശ്വാസകോശ രോഗികൾ എന്നിവരിൽ കൂടുതൽ പ്രശ്നം സൃഷ്ടിച്ചേക്കാം. നേരത്തെ തന്നെ ഡോക്ടറെ കാണിച്ചാൽ രോഗം ഗുരുതരമാകാതെ നോക്കാം.
ശക്തമായതും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമായ പനി, ജലദോഷം, തുമ്മൽ, തലവേദന, തലകറക്കം, വിശപ്പില്ലായ്മ, കഫക്കെട്ട്, വയറു വേദന, ഛർദി, വയറിളക്കം, ശരീരവേദന ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ശ്വാസകോശ രോഗങ്ങളുള്ളവരെയും ഫ്ലൂ പെട്ടെന്നു പിടിപെടുന്നു. ഇതോടൊപ്പം ചിലർക്ക് കോവിഡ് പോസിറ്റീവും ആകുന്നുണ്ട്.