കുവൈത്തിൽ കൂട്ട വധശിക്ഷ നടപ്പാക്കി: വിദേശികൾ ഉൾപ്പെടെ ഏഴ് പേരെ തൂക്കിലേറ്റി

0
2891

കുവൈത് സിറ്റി: കുവൈറ്റിൽ ഏഴ് പേരെ കൂട്ട വധശിക്ഷയ്ക്ക് വിധേയരാക്കി. സർക്കാർ വാർത്താ ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധങ്ങൾക്കും ദയാഹർജികൾക്കുമിടയിലുമാണ് വിദേശികൾ ഉൾപ്പെടെയുള്ള ഏഴ് പേരെ തൂക്കിലേറ്റിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2017 ന് ശേഷമുള്ള കുവൈത്തിലെ ആദ്യത്തെ വധശിക്ഷയാണിത്. ബുധനാഴ്ച തൂക്കിലേറ്റിയ തടവുകാരിൽ നാല് പേർ കുവൈറ്റി പൗരന്മാരാണ്. മറ്റു മൂന്ന് പേർ പാകിസ്ഥാൻ, സിറിയ, എത്യോപ്യൻ പൗരന്മാരാണ്. ഏഴുപേരിൽ രണ്ടുപേർ സ്ത്രീകളായിരുന്നു. 2017 ജനുവരി 25 ന് രണ്ടര നൂറ്റാണ്ടായി രാജ്യം ഭരിച്ചിരുന്ന അൽ സബാഹ് രാജകുടുംബത്തിലെ ഒരാൾ ഉൾപ്പെടെ ഏഴ് പേരെ തൂക്കിലേറ്റിയതിന് ശേഷമുള്ള ആദ്യത്തെ വധശിക്ഷയാണിന്ന് നടന്നത്.

കൂട്ട വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. “ജീവിക്കാനുള്ള അവകാശ ലംഘനവും ആത്യന്തികവും ക്രൂരവും മനുഷ്യത്വരഹിതവും നികൃഷ്ടവുമായ ശിക്ഷയും” വധശിക്ഷകളും നിർത്തലാക്കണമെന്നും പ്രമുഖ അവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു.

“[കുവൈത്ത്] അധികാരികൾ ഉടൻ തന്നെ വധശിക്ഷയ്ക്ക് ഔദ്യോഗിക മൊറട്ടോറിയം ഏർപ്പെടുത്തണമെന്ന് ” ആംനസ്റ്റിയുടെ ഡെപ്യൂട്ടി റീജിയണൽ ഡയറക്ടർ അംന ഗുല്ലാലി പ്രസ്താവനയിൽ പറഞ്ഞു.

ഗൾഫ് മേഖലയിൽ, പ്രത്യേകിച്ച് ഇറാനിലും സഊദി അറേബ്യയിലും വധശിക്ഷ വ്യാപകമാണ്. സഊദി അറേബ്യ ഒറ്റ ദിവസം കൊണ്ട് 81 പേരെ വധശിക്ഷക്ക് വിധേയരാക്കിയിരുന്നു. ഇത് രാജ്യത്തിന്റെ ആധുനിക ചരിത്രത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ കൂട്ട വധശിക്ഷയായി മാറി. 1960-കളുടെ മധ്യത്തിലാണ് കുവൈറ്റ് വധശിക്ഷ നടപ്പാക്കി തുടങ്ങിയത്. അതിനുശേഷം ഡസൻ കണക്കിന് ആളുകളെ, പ്രധാനമായും കൊലപാതകത്തിനും മയക്കുമരുന്ന് കടത്തിനും ശിക്ഷിക്കപ്പെട്ടവരെ വധശിക്ഷക്ക് വിധേയരാക്കിയിരുന്നു.

2013 ഏപ്രിലിൽ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മൂന്ന് പേരെ കുവൈറ്റ് അധികൃതർ തൂക്കിലേറ്റിയിരുന്നു. രണ്ടു മാസത്തിനുശേഷം, കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനും കുറ്റക്കാരായ രണ്ട് ഈജിപ്തുകാരെയും വധശിക്ഷക്ക് വിധേയരാക്കിയിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക