സമസ്ത പെട്ടെന്ന് ആർക്കെതിരെയും കർശന നടപടിയിലേക്ക് പോകാറില്ല; ഹക്കീം ഫൈസിയെ പുറത്താക്കിയത് അനിവാര്യ ഘട്ടത്തിൽ: ആലിക്കുട്ടി മുസ്‌ലിയാർ

0
2609

മലപ്പുറം: സമസ്ത പെട്ടെന്ന് ആർക്കെതിരെയും കർശന നടപടിയിലേക്ക് പോകാറില്ലെന്നും
അനിവാര്യ ഘട്ടത്തിൽ മാത്രമാണ്
പ്രഫ. അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കിയതെന്നും
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ. ചേളാരിയിൽ സമസ്തയുടെ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആലിക്കുട്ടി മുസ്‌ലിയാർ.

അനിവാര്യ ഘട്ടത്തിൽ മാത്രമാണ് കടുത്ത നടപടി സ്വീകരിക്കാറ്. അതാണ് ഇവിടെയും ഉണ്ടായതെന്നും സമസ്തയുടെ അണികൾ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചത്. വിഷയം നിരവധി തവണ ചർച്ച ചെയ്തതാണ്. തന്റെ വീട്ടിൽവെച്ചും പലതവണ സംസാരിച്ചു. 40 പേർ പങ്കെടുത്ത യോഗത്തിൽ ഐകകണ്‌ഠേനയാണ് നടപടിയെടുത്തതെന്നും ആലിക്കുട്ടി മുസ്‌ലിയാർ പറഞ്ഞു.  

ഹക്കീം ഫൈസിയെ പുറത്താക്കിയ സമസ്ത മുശാവറ യോഗത്തിന് മുമ്പ് പാണക്കാട് സാദിഖലി തങ്ങളുമായി നേതാക്കൾ ചർച്ച നടത്തിയിരുന്നുവെന്ന് സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. സാദിഖലി തങ്ങൾ ദുബൈയിലായിരുന്നു. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരും അവിടെയുണ്ടായിരുന്നു. ഇരുവരും ദുബൈയിൽ വച്ച് ചർച്ച നടത്തി. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളും താനും സാദിഖലി തങ്ങളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും എം.ടി അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. സമസ്തയുടെ ആശയങ്ങൾക്കും നയനിലപാടുകൾക്കും വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് ഹക്കീം ഫൈസിക്കെതിരെ നടപടിയെടുത്തത്. സമസ്തക്ക് ലഭിച്ച പരാതികളിൽ പ്രത്യേക സമിതിയെ നിയോഗിച്ച് പഠിക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തതിന് ശേഷമാണ് നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു.