ജിദ്ദ: നാട്ടിൽ നിന്നും ഉംറ തീർത്ഥാടകാരുടെ വരവ് കൂടിയതും നേരിട്ടുള്ള വിമാന സർവീസിന്റെ എണ്ണം കുറഞ്ഞതും കാരണം കോഴിക്കോട് – ജിദ്ദ സെക്ടറിൽ ടിക്കറ്റ് നിരക്ക് ഉയരുന്നു. ഇത് ജിദ്ദ ഉൾപ്പെടെ സഊദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ ജോലി ചെയ്യുന്ന മലബാർ മേഖലയിലെ ആയിരക്കണക്കിന് പ്രവാസികൾക്ക് കടുത്ത തിരിച്ചടിയാവുകയാണ്.
കൊവിഡ് നിയന്ത്രണങ്ങൾ സഊദി അധികൃതർ നീക്കിയതോടെ നാട്ടിൽ നിന്നും ഉംറ തീർതഥാടകരുടെ വരവ് തുടരുകയാണ്. ഇപ്പോൾ കോഴിക്കോട് – ജിദ്ദ സെക്ടറിൽ ചെറിയ വിമാനങ്ങൾ മാത്രം സർവീസ് നടതിന്നതിനാൽ ഇവയിൽ ഭൂരിഭാഗവും ഉംറ തീർതഥാടകരാണ്. ഇക്കാരണത്താൽ അവധിക്ക് പോകുന്ന പ്രവാസികൾ മറ്റു ഗൾഫ് രാജ്യങ്ങൾ വഴി പോകുന്ന കണക്ഷൻ വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. ചുരുങ്ങിയ അവധിക്കും അടിയന്തിരാവശ്യങ്ങൾക്കും പോകുന്നവർക്ക് ഇത് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്.
മുമ്പ് എയർ ഇന്ത്യയുടെയും സഊദി എയർലൈൻസിന്റെയും വലിയ വിമാനങ്ങൾ ജിദ്ദ – കോഴിക്കോട് സെക്ടറിൽ സർവീസ് നടത്തിയിരുന്നു. എന്നാൽ 2020 ഓഗസ്റ്റ് മാസം കരിപ്പൂരിൽ ഉണ്ടായ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന അപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾക്ക് ഡി ജി സി എ വിലക്ക് ഏർപ്പെടുത്തി.ഇതേ തുടർന്ന് വർഷങ്ങളായി സർവീസ് നടത്തിയിരുന്ന സഊദി എയർലൈയൻസ്, എയർ ഇന്ത്യ യുടെ ജംബോ വിമാനം എന്നിവ കൊച്ചിയിലേക്ക് മാറ്റി.
നിലവിൽ കോഴിക്കോട് – ജിദ്ദ നേരിട്ട് സർവീസ് നടത്തുന്നത് ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നിവയാണ്. ഇതിൽ നവംബർ ഒന്ന് മുതൽ ഇൻഡിഗോ കോഴിക്കോട് – ജിദ്ദ സർവീസ് നിറുത്തിയിരിക്കുകയാണ്. ഇതോടെ ജിദ്ദ – കോഴിക്കോട് സെക്ടറിൽ ടിക്കറ്റിനു ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. വർഷങ്ങൾ കഴിഞ്ഞു നാട്ടിൽ പോകുന്ന പല പ്രവാസികളും മറ്റു ഗൾഫ് നഗരങ്ങൾ ചുറ്റിയാണ് നാട്ടിൽ പോകുന്നതും തിരിച്ചു വരുന്നതും. രോഗം, മരണം തുടങ്ങിയ അടിയന്തിരാവശ്യങ്ങൾക്കും ചുരുങ്ങിയ അവധിക്ക് പോകുന്നവർക്കും ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
യാത്രക്കാർക്ക് മാത്രമല്ല കോഴിക്കോട്ടേക്കുള്ള കാർഗോ സാധനങ്ങളുടെ നീക്കത്തെയും വലിയ വിമാന സർവീസ് നിർത്തിയത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇപ്പോൾ ജിദ്ദയിൽ നിന്നുള്ള കാർഗോ സാധനങ്ങൾ ഡൽഹി, മുംബൈ, കൊച്ചി വഴി അയക്കേണ്ട അവസ്ഥയാണെന്ന് കാർഗോ രംഗത്തുള്ളവർ പറയുന്നു. ഇത് സാധനങ്ങൾ നാട്ടിൽ ലഭിക്കാൻ കാലതാമസം വരുത്തുന്നുണ്ട്.
മലബാറിൽ നിന്നുള്ള പ്രവാസികളുടെയും തീർത്ഥാടകരുടെയും യാത്ര ബുദ്ധിമുട്ട് പരിഹരിക്കാൻ സഊദി എയർ ലൈൻസിന് കോഴിക്കോട് സർവീസ് നടത്താൻ അനുമതി നൽകുകയാണ് പരിഹാരമെന്ന് പ്രവാസികൾ പറയുന്നു. ഇതിന് വേണ്ടി സംസ്ഥാന സർക്കാറും ജന പ്രതിനിധികളും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും കരിപ്പൂർ വിമാനത്താവള വികസനത്തിന് വേണ്ട നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. സഊദി എയർലൈൻസ് സർവീസ് ആരംഭിച്ചാൽ കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് വലിയ സൗകര്യമാവുമെന്നും ടിക്കറ്റ് നിരക്ക് കുറയുമെന്നും പ്രവാസികൾ പ്രതീക്ഷിക്കുന്നു.
മലബാറിലെ പ്രവാസികളുടെയും ഹജ്ജ് – ഉംറ തീർത്ഥാടകരുടെയും യാത്ര ബുദ്ധിമുട്ട് പരിഹരിക്കാൻ സഊദി എയർലൈൻസിന് കോഴിക്കോട് സർവീസ് നടത്താൻ ബന്ധപ്പെട്ടവർ ഉടനെ അനുമതി നൽകണമെന്ന് സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ ആവശ്യപ്പെട്ടു.