ജിദ്ദ: ‘നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി’ എന്ന പ്രമേയത്തിൽ സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ ദ്വൈമാസ ക്യാമ്പയിനിന്റെ ഭാഗമായി എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള മീഡിയ വിംഗിന്റെ ആഭിമുഖ്യത്തിൽ “ഒന്നിച്ചു നിൽക്കാം ലഹരിക്കെതിരെ” എന്ന പ്രമേയത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു.
എസ് ഐ സി നേതാക്കളും ജിദ്ദയിലെ വിവിധ മത – സാമൂഹ്യ സംഘടന പ്രതിനിധികളേയും മാധ്യമ പ്രവർത്തകരെയും പങ്കെടുപ്പിച്ചു നടത്തിയ പരിപാടി ലഹരി അടക്കമുള്ള സാമൂഹ്യ തിന്മകൾക്കെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ടാണെന്ന് ബോധ്യപ്പെടുത്തി.
ഷറഫിയ്യ സഫയർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ടേബിൾ ടോക്ക് പരിപാടി സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. ലഹരി ഇന്ന് യുവ തലമുറയുടെ മൊത്തം ട്രെൻഡ് ആയി മാറിയിരിക്കുകയാണെന്നും ആയതിനാൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. തിന്മകൾ അധികരിച്ചു വരുന്ന ലോകത്ത് പ്രവാചകധ്യാപനങ്ങളുടെ പ്രസക്തി വർധിച്ചു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രമുഖ വാഗ്മിയും മോട്ടിവേറ്ററുമായ ആസിഫ് ദാരിമി പുളിക്കൽ വിഷയാവതരണം നടത്തി. നാട്ടിൽ പല സ്ഥലങ്ങളിലും സ്കൂൾ – കോളേജ് വിദ്യാർത്ഥികളുടെ ടൂർ പാക്കേജുകൾ സ്പോൺസർ ചെയ്യുന്നത് ലഹരി മാഫിയ ആണെന്നും ഇത്തരം ടൂർ പരിപാടികൾ നടത്തുക വഴി യുവതലമുറയെ ലഹരിക്ക് അടിമകളാക്കി മാറ്റുകയാണ് ഇത്തരം മാഫിയ സംഘങ്ങളെന്നും അദ്ദേഹം പറഞ്ഞു. ലഹരി ബാധിതരെ ഒറ്റപ്പെടുത്തരുതെന്നും അവരെ സ്വകാര്യമായി കൗൺസിങ് നടത്തി അതിൽ നിന്നും മോചിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. എസ് കെ എസ് എസ് എസ് നടത്തിയ ക്യാമ്പസ് യാത്ര അനുഭവം അദ്ദേഹം പങ്ക് വെച്ചു.എഞ്ചിനീയറിങ്, മെഡിക്കൽ ഉൾപ്പെടെ എല്ലാ തരം വിദ്യാർത്ഥികളിലും ലഹരി ഉപയോഗിക്കുന്നവർ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. മത സംഘടനകൾ അവർക്ക് കീഴിലുള്ള മഹല്ല് സംവിധാനം ഉപയോഗപ്പെടുത്തി ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണം സംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തുടർന്ന് വിവിധ സംഘടന പ്രതിനിധികൾ സംസാരിച്ചു. നാട്ടിലെ മാറിയ സാഹചര്യങ്ങളും മാതാപിതാക്കൾ മക്കളോട് കാണിക്കുന്ന അമിത സ്നേഹവും തുല്യത വാദം, ജൻഡർ ന്യൂട്രാലിറ്റി, സ്വാതന്ത്ര ലൈംഗികത തുടങ്ങിയ പുത്തൻ ആശയങ്ങളും സർക്കാരിന്റെ ചില നയങ്ങളും ലഹരി വ്യാപനത്തിന് കാരണമായാതായി ടേബിൾ ടോക്കിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. മത സംഘടനകൾ മഹല്ല് സംവിധാനം ഉപയോഗപ്പെടുത്തി ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണം സംഘടിപ്പിക്കണമെന്നും കുട്ടികളിൽ ധാർമിക ബോധം വളർത്തുന്ന മദ്രസ സിലബസ് കാലോചിതമായി പരിഷ്ക്കരിക്കണമെന്നും അഭിപ്രായം ഉയർന്നു. സംഘടന സങ്കുചിതത്വം മാറ്റി വെച്ച് എല്ലാ സംഘടനകളും ലഹരിക്കെതിരെ ഒന്നിക്കണമെന്നും ഇക്കാര്യത്തിൽ പ്രവാസികൾക്കിടയിലുള്ള ഐക്യം നാട്ടിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നും പ്രഭാഷണത്തെക്കാൾ ആത്മ പരിശോധനക്ക് എല്ലാവരും തയ്യാറാവണമെന്നും ലഹരിക്കെതിരെ സ്കൂൾ കുട്ടികളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിക്കണമെന്നും ലഹരി വ്യാപനം തടയാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടൽ ഉണ്ടാവണമെന്നും അഭിപ്രായം ഉയർന്നു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബൂബക്കർ അരിമ്പ്ര ( കെഎംസിസി), കെ. ടി. എ മുനീർ ( ഒ ഐ സി സി ), റഫീഖ് പത്തനാപുരം ( നവോദയ), സമീർ സ്വലാഹി ( ഇസ്ലാഹി സെന്റർ, ഷറഫിയ്യ), കെ. എം അനീസ് ( കെ. ഐ. ജി ), ശറഫുദ്ധീൻ ബാഖവി ചുങ്കപ്പാറ( മുസ്ലിം ജമാഅത് ഫെഡറേഷൻ), പി. എം മായീൻ കുട്ടി ( ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം), നാസർ വെളിയംകോട് ( സോഷ്യൽ ആക്റ്റിവിസ്റ്റ്), സുൽഫിക്കർ ഒതായി ( മാധ്യമ പ്രവർത്തകൻ) തുടങ്ങിയവർ സംസാരിച്ചു.
എസ് ഐ സി ജിദ്ദ ചെയർമാൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി മോഡറേറ്റർ ആയിരുന്നു. എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി അലമ്പാടി ഖിറാഅത് നടത്തി. പരിപാടിയിൽ വെച്ച് സംഘടന നേതാക്കൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ് ഐ സി ജിദ്ദ മീഡിയ വിംഗ് ചെയർമാൻ മുഹമ്മദ് റഫീഖ് കൂളത്ത് സ്വാഗതവും കൺവീനർ മുഹമ്മദ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.
സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, ഉസ്മാൻ എടത്തിൽ, സൽമാൻ ദാരിമി, മുസ്തഫ ബാഖവി ഊരകം, മുസ്തഫ ഫൈസി ചേറൂർ , മുഹമ്മദലി മുസ്ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ലത്തീഫ് വെന്നിയൂർ, ജാബിർ നാദാപുരം, മജീദ് പുകയൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രവാസി കുടുംബങ്ങളിൽ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുമെന്ന് എസ് ഐ സി ഭാരവാഹികൾ അറിയിച്ചു.