ഹക്കീം ഫൈസി ആദ്യശ്ശേരിയെ സമസ്തയിൽ നിന്ന് പുറത്താക്കി

0
9183

മലപ്പുറം: സി.ഐ.സി ജനറൽ സെക്രട്ടറിയും വാഫി സംവിധാനത്തിന്‍റെ ബുദ്ധികേന്ദ്രവുമായ ഹക്കീം ഫൈസി ആദ്യശ്ശേരിയെ സമസ്തയിൽ നിന്ന് പുറത്താക്കി. സമസ്തയിലെ എല്ലാ ഘടകങ്ങളിൽ നിന്നുമാണ് പുറത്താക്കിയത്.

സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മലപ്പുറത്ത് ചേർന്ന സമസ്ത മുശാവറയാണ് പുറത്താക്കാൻ തീരുമാനിച്ചത്. സുന്നി ആശയങ്ങൾക്ക് വിരുദ്ധമായ പ്രചാരണം നടത്തിയെന്ന് സമസ്ത മുശാവറ ചൂണ്ടിക്കാട്ടുന്നു. നിലവിൽ സമസ്ത മലപ്പുറം ജില്ല കമ്മിറ്റി അംഗമാണ്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ പ്രവർത്തനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും ദേശീയ തലത്തിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സമസ്ത ദേശീയ ജംഇയ്യത്തുൽ ഉലമാക്ക് രൂപം നൽകാനും തീരുമാനമായി.

സമസ്ത സ്റ്റേറ്റ്മെന്റ് പൂർണ്ണ രൂപം

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ പ്രവർത്തനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും ദേശീയ തലത്തിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സമസ്ത ദേശീയ ജംഇയ്യത്തുൽ ഉലമാക്ക് രൂപം നൽകാൻ കോഴിക്കോട് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറയ യോഗം തീരുമാനിച്ചു.

പരിശുദ്ധ അഹ് ലുസുന്നത്തി വൽജമാഅത്തിന്റെ ആശയാദർശങ്ങൾക്കും സമസ്തയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കും വിരുദ്ധമായി പ്രചാരണം നടത്തുകയും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതായി സമസ്ത മുശാവറക്ക് ലഭിച്ച രേഖാമൂലമുള്ള പരാതികളിൽ നിന്നും ഇതുസംബന്ധമായി നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ നിന്നും ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ എല്ലാ ഘടകങ്ങളിൽ നിന്നും നീക്കം ചെയ്യാനും മുശാവറ യോഗം തീരുമാനിച്ചു.

പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്ലിയാർ, പി.പി ഉമർ മുസ്ലിയാർ കൊയ്യോട്, എം. കെ മൊയ്തീൻ കുട്ടി മുസ്ലിയാർ കോട്ടുമല, എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാർ, കെ ഉമർ ഫൈസി മുക്കം, കെ.ടി ഹംസ മുസ്ലിയാർ, വി മൂസക്കോയ മുസ്ലിയാർ, പി.കെ മൂസക്കുട്ടി ഹസ്രത്ത്, ടി.എസ് ഇബ്രഹീം കുട്ടി മുസ്ലിയാർ, കെ ഹൈദർ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് കൂരിയാട്. എം മൊയ്തീൻ കുട്ടി മുസ്ലിയാർ വാക്കോട്, എ.വി അബ്ദുറിഹമാൻ മുസ്ലിയാർ, കെ.കെ. പി അബ്ദുല്ല മുസ്ലിയാർ, ഇ.എസ് ഹസ്സൻ ഫൈസി, ഐ.ബി ഉസ്മാൻ ഫൈസി, എം എം അബ്ദുല്ല ഫൈസി, എം.പി മുസ്തഫൽ ഫൈസി, മാഹിൻ മുസ്ലിയാർ തൊട്ടി, പി.എം അബ്ദുസ്സലാം ബാഖവി, എം.വി ഇസ്മാഈൽ മുസ്ലിയാർ, കാടേരി മുഹമ്മദ് മുസ്ലിയാർ, സി.കെ സൈതാലിക്കുട്ടി ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, സി.കെ അബ്ദുറഹിമാൻ ഫൈസി അരിപ്ര, കെ.എം ഉസ്മാൻ ഫൈസി തോടാർ, ഒളവണ്ണ അബൂബക്കർ ദാരിമി, എൻ അബ്ദുല്ല മുസ്ലിയാർ നടമ്മൽ പൊയിൽ, പി.വി അബ്ദുസ്സലാം ദരിമി ആലംപാടി ചർച്ചയിൽ പങ്കെടുത്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക