സഊദിയിൽ നവജാത ശിശുക്കളുടെ ജനനം അബ്ശിർ വഴി രജിസ്റ്റർ ചെയ്യാം

0
908

റിയാദ്: സഊദിയിൽ നവജാത ശിശുക്കളുടെ ജനനം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്ന് സിവിൽ അഫയേഴ്‌സ് ഡയറക്ടറേറ്റ് അറിയിച്ചു. നിയമാനുസൃത ഇഖാമകളിൽ കഴിയുന്ന വിദേശികളുടെ കുട്ടികൾക്കാണ് ഇതരത്തിലുള്ള സേവനം ലഭിക്കുക.

ജനന സർട്ടിഫിക്കറ്റ് തപാൽ മാർഗം ഗുണഭോക്താക്കളുടെ വിലാസങ്ങളിൽ നേരിട്ട് എത്തിച്ചു നൽകുകയും ചെയ്യും. ഇതിന് അബ്ശിർ വഴി പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ജനന രജിസ്‌ട്രേഷനും ജനന സർട്ടിഫിക്കറ്റിനും വിദേശികൾ ഇനി മുതൽ സിവിൽ അഫയേഴ്‌സ് ഓഫീസുകളെ നേരിട്ട് സമീപിക്കേണ്ടതില്ല. 

ഗുണഭോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കാനും സ്വദേശികൾക്കും വിദേശികൾക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും സ്വദേശികൾക്കും വിദേശികൾക്കുമുള്ള ഏതാനും സേവനങ്ങൾ സിവിൽ അഫയേഴ്‌സ് ഡയറക്ടറേറ്റ് അടുത്ത കാലത്ത് അബ്ശിർ വഴി നൽകാൻ തുടങ്ങിയിട്ടുണ്ട്.