ജിദ്ദ: ഫലവത്തായ രക്ഷാകർതൃത്വവും സന്തുലിത വിദ്യാഭ്യാസവും കുട്ടികൾക്ക് ലഭിക്കാത്തതാണ് സാംസ്കാരിക മൂല്യച്യുതിക്ക് കാരണമെന്ന് അബ്ദുറസാഖ് കൊടുവള്ളി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ‘മനസ്സറിഞ്ഞു മക്കൾക്ക് വേണ്ടി’ എന്ന വിഷയത്തെ അധികരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികലമായി കൊണ്ടിരിക്കുന്ന ഈ ലോകത്ത് നമ്മുടെ മക്കളുടെ ഗതി നിയന്ത്രിക്കാൻ രക്ഷിതാക്കൾക്ക് സാധിക്കേണ്ടതുണ്ട്.
പഴയ കുടുംബ ക്രമവും, സാമൂഹിക ക്രമവും ഇല്ലാതായി കൊണ്ടിരിക്കുന്നു. പരസ്പരം വിശ്വാസമില്ലാത്ത ദമ്പതികൾ വർധിച്ചു വരുന്നു. ലിബറലിസവും, ജെൻഡർ ന്യൂട്രാലിറ്റിയും അരങ്ങു തകർക്കുന്ന സമൂഹത്തിൽ മയക്കു മരുന്നിന്റെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടേക്കാവുന്ന നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളെ രക്ഷപ്പെടുത്താൻ രക്ഷാകർത്താക്കൾക്കും അദ്ധ്യാപകർക്കും തുല്യ പങ്കാളിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ വിദ്യാഭ്യാസരീതി വിജ്ഞാനം വർദ്ധിപ്പിക്കാൻ മാത്രമുള്ളതാണ്. നേതൃത്വ ഗുണമുള്ള, വികാരങ്ങളെ നിയന്ത്രിക്കാൻ സാധിക്കുന്ന, പ്രശ്നങ്ങളെ നേരിടാൻ സാധിക്കുന്ന, തന്റെ സഹ ജീവികളോട് കരുണയും, കരുതലുമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമൂഹമായി അവരെ വാർത്തെടുക്കേണ്ടതുണ്ട്. അതിനായി വിദ്യാഭ്യാസ നയത്തിൽ കാതലായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. സമൂഹത്തിൽ കഷ്ട്ടപെടുന്നവരെയും, ദുരിതങ്ങൾ അനുഭവിക്കന്നവരെയും തൊട്ടറിയാൻ കുട്ടികൾക്ക് ബോധപൂർവ്വം അവസരങ്ങൾ ഉണ്ടാക്കി കൊടുക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിക്കണം. നല്ല ഭക്ഷണവും, വസ്ത്രവും, പാർപ്പിടവും, വിദ്യാഭ്യാസവും നൽകുക എന്നുള്ളത് മാത്രമല്ല നല്ല രക്ഷാകർത്വത്തം. സ്വയം വിജയിച്ച് മുന്നേറാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും, അത് എങ്ങിനെയാണ് നിർവ്വഹിക്കേണ്ടതെന്നും കുട്ടികളെ പരിശീലിക്കുന്നതിന്റെ പേരാണ് നല്ല പാരന്റിങ് എന്നും അദ്ദേഹം വിശദീകരിച്ചു.
പരിപാടിയിൽ അബ്ബാസ് ചെമ്പൻ അധ്യക്ഷനായി. ശിഹാബ് സലഫി എടക്കര സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.




