റിയാദ്: അടുത്ത 10 വർഷത്തിനുള്ളിൽ മിഡിൽ ഈസ്റ്റിലെ ഹരിത സംരംഭത്തിന് (ഗ്രീൻ ഇനിഷ്യേറ്റീവിന്) സൗദി അറേബ്യ 2.5 ബില്യൺ ഡോളർ സംഭാവന നൽകുമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച പറഞ്ഞു.
സൗദി പരമാധികാര സമ്പത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും 2050-ഓടെ നെറ്റ്-സീറോ കാർബൺ ഉദ്‌വമനം ലക്ഷ്യമിടുന്നതായും
ഈജിപ്തിൽ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിനായി ലോക നേതാക്കൾ ഒത്തുകൂടിയപ്പോൾ കിരീടാവകാശി പറഞ്ഞു.
പ്രാദേശിക ഹൈഡ്രോകാർബൺ ഉൽപാദനത്തിൽ നിന്നുള്ള കാർബൺ ഉദ്‌വമനം 60 ശതമാനത്തിലധികം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് കിരീടാവകാശി മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് ആരംഭിച്ചത്.
മിഡിൽ ഈസ്റ്റിൽ ഉടനീളം 50 ബില്ല്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാനും 200 ദശലക്ഷം ഹെക്ടറിന് തുല്യമായ പ്രദേശം പുനഃസ്ഥാപിക്കാനും ലക്ഷ്യമിടുന്നു. ഈ സംരംഭം ആഗോള കാർബൺ അളവ് 2.5 ശതമാനം കുറയ്ക്കും.
2030-ഓടെ വൈദ്യുതി ഉൽപാദനത്തിന്റെ 50 ശതമാനത്തിനും പുനരുപയോഗിക്കാവുന്നവയെ ആശ്രയിക്കാനാണ് സൗദി അറേബ്യ പദ്ധതിയിടുന്നതെന്ന് കിരീടാവകാശി പറഞ്ഞു.