റിയാദ്: ഡീസൽ വൻതോതിൽ വാങ്ങി വിദേശത്തേക്ക് കടത്തിയ കേസിൽ
പ്രതികളെ 65 വർഷം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ അറിയിച്ചു.
പണം വെളുപ്പിക്കൽ, വ്യാജ രേഖ നിർമാണം, ബിനാമി ബിസിനസ്, ബാങ്കിംഗ് കൺട്രോൾ നിയമം ലംഘിക്കൽ എന്നീ കുറ്റകൃത്യങ്ങളും പ്രതികൾ നടത്തിയതായി അന്വേഷണങ്ങളിൽ തെളിഞ്ഞു.
സർക്കാർ സബ്‌സിഡിയിൽ വിതരണം ചെയ്യുന്ന ഡീസലാണ് പ്രതികൾ കയറ്റി അയച്ചിരുന്നത്.
പൊതുമുതൽ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പതിനൊന്നു പ്രതികളും ഒരു വ്യാപാര സ്ഥാപനവും ചേർന്ന് സംഘടിത കുറ്റകൃത്യ സംഘം രൂപീകരിക്കുകയായിരുന്നു.
സ്വന്തം ഉടമസ്ഥതയിൽ പെട്രോൾ ബങ്കുകളുള്ളത് മുതലെടുത്ത് വൻതോതിൽ ഡീസൽ വാങ്ങിയ പ്രതികൾ ഈ ഡീസൽ വിദേശത്തേക്ക് കടത്തി മറ്റു രാജ്യങ്ങളിൽ വിൽക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നിയമ വിരുദ്ധമായി വിൽപന നടത്തുകയായിരുന്നു.
കുറ്റകൃത്യങ്ങൾക്ക് പ്രതികൾ ഉപയോഗിച്ച വസ്തുവകകളും ആസ്തികളും സംവിധാനങ്ങളും കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച പണവും കണ്ടുകെട്ടാനും വിധിയുണ്ട്.
പ്രതികൾക്ക് ആകെ 2.9 കോടിയിലേറെ റിയാൽ പിഴ ചുമത്തുകയും ചെയ്തു. പ്രതികളുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളെ സർക്കാർ വകുപ്പുകളുമായി കരാറുകൾ ഒപ്പുവെക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.
കുറ്റക്കാരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്താനും വിധിയുണ്ട്.
പ്രതികളുടെ ഉടമസ്ഥതയിലുള്ള പെട്രോൾ ബങ്കുകളുടെ ലൈസൻസുകൾ റദ്ദാക്കാനും കോടതി ഉത്തരവിട്ടു.




