വേറിട്ട അനുഭവം സമ്മാനിക്കുന്ന ഒട്ടേറെ പുതിയ ആകർഷണങ്ങളുമായി ദുബായ് ഗ്ലോബൽ വില്ലേജ് സന്ദർശകര്‍ക്ക് തുറന്നു കൊടുത്തു

0
1207

ദുബായ്: വേറിട്ട അനുഭവം സമ്മാനിക്കുന്ന ഒട്ടേറെ പുതിയ ആകർഷണങ്ങളുമായി 27മത് ദുബായ് ഗ്ലോബൽ വില്ലേജ് സന്ദർശകര്‍ക്ക് തുറന്നു കൊടുത്തു.

മലയാളികളടക്കം ഒട്ടേറെ പേരുടെ നേതൃത്വത്തിൽ ഇവിടെ ലോക വിഭവങ്ങൾ സമ്മാനിക്കുന്ന ഭക്ഷണകേന്ദ്രങ്ങൾ, വിനോദകേന്ദ്രങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ കടകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ, തത്സമയം ചിത്രങ്ങൾ വരച്ച് നൽകുന്ന പത്തോളം കലാകാരന്മാരും ഇടം പിടിച്ചിട്ടുണ്ട്. ബലൂണും പാവകളും അടക്കം കുട്ടികളെ ആകർഷിക്കുന്ന കൗതുക വസ്തുക്കളുടെ വിൽപനയ്ക്ക് പിന്നിലും ഇപ്രാവശ്യവും മലയാളികളുണ്ട്. ലോകത്തെ 200ലേറെ അവിശ്വസനീയമായ ഡിസ്പ്ലേകളോടെ, മധ്യപൂർവദേശ–വടക്കൻ ആഫ്രിക്ക മേഖലയിലെ ആദ്യത്തെ പരിപാടി ഒട്ടേറെ പുതിയ പ്രദർശനങ്ങളെ സ്വാഗതം ചെയ്യുന്നു. 

നവീകരിച്ച ലോബിയും പുതിയ റീട്ടെയിൽ ഓഫറുകളും ഇവിടുത്ത കാഴ്ചകളാണ്. 14 അടി നീളമുള്ള കൊലയാളി മുതല, ഒരു ദശലക്ഷത്തിലേറെ തീപ്പെട്ടികൾ അടങ്ങിയ തീപ്പെട്ടി മാതൃക, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘മണി ലെഗ്സ്’ എന്നിവ ഉൾപ്പെടെയുള്ള പ്രദർശനങ്ങൾ സന്ദർശകർക്ക് ആനന്ദം പകരും.  ‘ടോർച്ചർ ചേംബർ’ ഗാലറിയിൽ പുരാതന ജയിൽ ശിക്ഷയുടെ അവിശ്വസനീയമായ പ്രദർശനങ്ങൾ അടങ്ങിയിരിക്കുന്നു. ഐക്കണിക് സൂപ്പർ ഹീറോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ‘ഹീറോസ് ഗാലറി’ ഈ വർഷം ഇടംപിടിക്കും. കൂടാതെ ആവേശകരമായ പുതിയ കറങ്ങുന്ന പ്രദർശനത്തിൽ വളരെ സവിശേഷമായ ചില സിനിമാ സ്മരണികകൾ കാണിക്കുകയും ചെയ്യും.

പ്രേതഭവനമായ ഹാലോവീൻ ആണ് ഇതിൽ ഏറ്റവും ആകർഷകമാകുക. പ്രേതബാധയുള്ള സെമിത്തേരി, ഹോസ്പിറ്റൽ സൈക് വാർഡ്, അലറുന്ന മരം തുടങ്ങി 9 വ്യത്യസ്ത അനുഭവങ്ങൾ ഇവിടെയുണ്ടായിരിക്കും. 660 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഹൗസ് ഓഫ് ഫിയർ കൺസെപ്റ്റ് യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ നിന്നുള്ള ഏറ്റവും പുതിയ ആനിമേട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അവതരിപ്പിക്കുന്നത്. കൂടാതെ മറ്റേതൊരു പ്രേതാലയ അനുഭവം സൃഷ്ടിക്കുന്നതിനായി കേവ് എന്റർടൈൻമെന്റും ഗ്ലോബൽ വില്ലേജിലെത്തിയിരിക്കുന്നു.