വിദേശ തൊഴിലാളികൾ കൂട്ടത്തോടെ കഴിഞ്ഞിരുന്ന 180 താമസസ്ഥലങ്ങൾ ജിദ്ദ നഗരസഭ ഒഴിപ്പിച്ചു

0
3043

ജിദ്ദ: വിദേശ തൊഴിലാളികൾ കൂട്ടത്തോടെ കഴിഞ്ഞിരുന്ന 180 താമസസ്ഥലങ്ങൾ ജിദ്ദ നഗരസഭ ഒഴിപ്പിച്ചു. നിയമ ലംഘനങ്ങൾ കണ്ടെത്തിയ താമസസ്ഥലങ്ങളുടെ ഉടമകൾക്കും നടത്തിപ്പുകാർക്കും പിഴകൾ ചുമത്തി.

ഏതാനും സർക്കാർ വകുപ്പുകളുടെ പങ്കാളിത്തത്തോടെയും ജിദ്ദ ഗവർണറേറ്റിന്റെ പിന്തുണയോടെയും അധ്യക്ഷതയിലും ജിദ്ദ നഗരസഭ വിദേശ തൊഴിലാളികളുടെ ഗ്രൂപ്പ് ഹൗസിംഗ് കേന്ദ്രങ്ങളിൽ നടത്തിയ ഫീൽഡ് പരിശോധനകൾക്കിടെയാണ് വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂർണമല്ലാത്ത താമസസ്ഥലങ്ങൾ ഒഴിപ്പിച്ചത്. 

നഗരത്തിലെ വിവിധ ഡിസ്ട്രിക്ടുകളിൽ 934 ഗ്രൂപ്പ് ഹൗസിംഗ് കേന്ദ്രങ്ങളിലാണ് വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ നഗരസഭ പരിശോധനകൾ നടത്തിയതെന്ന് ജിദ്ദ മേയറുടെ ഉപദേഷ്ടാവ് എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു.

ഇതിനിടെ താമസസ്ഥലങ്ങൾ അണുവിമുക്തമാക്കുകയും ചെയ്തു. വ്യവസ്ഥകൾ പൂർണമാണെന്ന് ഉറപ്പുവരുത്താനും നിയമ ലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കാനും നഗരത്തിലെ മുഴുവൻ ഗ്രൂപ്പ് ഹൗസിംഗ് കേന്ദ്രങ്ങളിലും പരിശോധനകൾ തുടരുമെന്നും എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു.

സ്വദേശികൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്താനും നഗരങ്ങളിൽ ജീവിത ഗുണമേന്മാ നിലവാരം മെച്ചപ്പെടുത്താനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമുള്ള മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഗ്രൂപ്പ് ഹൗസിംഗ് കേന്ദ്രങ്ങളിൽ നഗരസഭ ഫീൽഡ് പരിശോധനകൾ നടത്തുന്നത്.