റിയാദ്: സഊദി അറേബ്യ ഇനി തൊഴിലവസരങ്ങളുടെ നാടാകുമെന്ന് വ്യക്തമാക്കി സഊദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 18 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും പുതിയ എയർലൈൻ ഉൾപ്പെടെയുള്ള വൻ പദ്ധതികൾ ഉണ്ടാകുമെന്നും ഫണ്ട് വെളിപ്പെടുത്തി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സഊദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ യാസർ റുമയാൻ ആണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിലെ കമ്പനികൾ വഴിയും ഫണ്ടുമായി സഹകരിക്കുന്ന കമ്പനികൾ വഴിയും ആണിത് സാധ്യമാകുകയെന്നും, എന്നാൽ സ്വകാര്യ മേഖലയുമായി ഫണ്ട് മത്സരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിയിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന മേഖലകളുടെ വികസനം, റിയൽ എസ്റ്റേറ്റ്-ഇൻ ഫ്രാസ്റ്റ്രെക്ചർ മേഖലകളിലെ നിക്ഷേപം, വൻ കിട സഊദി പ്രൊജക്റ്റുകളിൽ നിക്ഷേപം, ആഗോള നിക്ഷേപങ്ങൾക്കായി രണ്ട് വകുപ്പുകൾ എന്നിവയാണ് പ്രധാന ലക്ഷ്യം. ഫണ്ടിൻ്റെ വിദേശ നിക്ഷേപ പദ്ധതികളും പുതിയ വിമാന കമ്പനിയും ഉടനെ ആരംഭിക്കുമെന്നും ഗവർണർ പറഞ്ഞു.
പുതിയ എയർലൈൻ
ഫണ്ട് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പുതിയ എയർലൈൻ 2024 ൽ സർവീസ് ആരംഭിക്കും. റിയാദ് കേന്ദ്രമായിട്ടായിരിക്കും പുതിയ വിമാന കമ്പനിയുടെ പ്രവർത്തിക്കുക. റിയാദ് യാത്രാ ഹബ്ബായി മറ്റിടങ്ങളിലേക്ക് പ്രാദേശിക, അന്തർദ്ദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവീസ് നടത്തും.
ഈ പദ്ധതിക്കായി ലോകത്തിലെ ഏറ്റവും മികച്ച നേതാക്കന്മാരുടെ ഒരു വലിയ നിരയെ നിയമിച്ചിട്ടുണ്ടെന്നും കമ്പനിയുടെ സിഇഒ ഒരു മാസത്തിനകം റിയാദിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ മേഖലയുമായി ഫണ്ട് മത്സരിക്കുന്നില്ലെന്നും, മറിച്ച് വിവിധ മേഖലകൾ വികസിപ്പിക്കുന്നതിനും പ്രശ്‌നബാധിതരായ കമ്പനികളെ രക്ഷിക്കുന്നതിനും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2015 ൽ സഊദി പബ്ലിക് ഇൻ വെസ്റ്റ്മെന്റ് ഫണ്ടിന്റെ ആസ്തി 150 ബില്യൺ ഡോളറായിരുന്നു. എന്നാൽ ഇപ്പോൾ അത് 600 ബില്യൺ ഡോളർ കവിഞ്ഞിട്ടുണ്ട്. മാത്രവുമല്ല 2015ൽ 3 ശതമാനത്തിൽ കൂടുതൽ വരുമാനം ലഭിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ അത് 8 ശതമാനം കവിഞ്ഞതായും അൽ റുമയ്യാൻ വെളിപ്പെടുത്തി.
സഊദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ യാസർ റുമയാൻ നൽകിയ അഭിമുഖം 👇