ഫോക്കസ് ജിദ്ദ ഫിനാൻസ് സെമിനാർ സംഘടിപ്പിച്ചു

ജിദ്ദ: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദയുടെ നാൽപതാം വാർഷികത്തിന്റെ ഭാഗമായി ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ പേഴ്‌സണല്‍ ഫിനാൻസുമായി ബന്ധപ്പെട്ട് ‘ഫിൻസ്പയർ’ സെമിനാർ സംഘടിപ്പിച്ചു . ഷറഫിയ്യ ഐ ഐ സി ജെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സെമിനാറിൽ ജിദ്ദയിലെ പ്രമുഖ ഫിനാൻസ് കൺസൾട്ടന്റായ ഫാസ്‌ലിൻ അബ്ദുൽ ഖാദർ വിഷയാവതരണം നടത്തി.

മാറിവരുന്ന സഊദി തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഒരു നിശ്ചിത തുക എപ്പോഴും സമ്പാദ്യമായി നിലനിർത്തണമെന്നും പ്രതികൂല സാഹചര്യങ്ങൾ വരുമ്പോൾ അതൊരു മുതൽകൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ വളരെ പ്രധാനപ്പെട്ടതാണ് നമ്മുടെ ദൈനംദിന ചിലവുകൾ വളരെ കൃത്യമായി സൂക്ഷിച്ചുവെക്കുക എന്നുള്ളത്. അത് ശീലമാക്കുകയും നിരന്തരം വിശകലനം ചെയ്ത്‌ കിട്ടുന്ന വരുമാനത്തിനനുസരിച്ചു ചെലവിലും നിയന്ത്രണങ്ങൾ കൊണ്ടുവരണം. ശമ്പളത്തിന് പുറമെ മറ്റൊരു സ്രോതസ്സ് വഴി വരുമാനം കണ്ടത്തി ജോലിയിൽ നിന്ന് വിരമിക്കുന്നതിനു മുമ്പ് തന്നെ സാമ്പത്തിക സ്ഥിരത കൈവരിക്കാൻ എല്ലാ പ്രവാസികളും ശ്രമിക്കണം. അതിനു വിരമിക്കുന്നത് വരെ കാത്തിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഹലാലായ രീതിയിൽ പണം കണ്ടെത്തുന്നതിന് ഇന്ന് ഓൺലൈൻ രംഗത്ത് ഒരുപാട് ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും നിക്ഷേപ വിപണികളും ലഭ്യമാണ്. അതെല്ലാം കണ്ടെത്തുകയും അതിനെ കുറിച്ച് പഠിക്കുകയും നമ്മുടെ വളർന്നു വരുന്ന തലമുറക്ക് ആ അറിവ് എത്തിച്ചു കൊടുക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഷെയർ മാർക്കറ്റും മ്യൂച്ചൽ ഫണ്ടും ഇന്ന് വളരെ സാധ്യത കൽപിക്കപ്പെടുന്ന വരുമാന മാർഗങ്ങളാണ് . കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ഇന്ത്യയിലെയും സഊദിയിലെയും അമേരിക്കയിലെയും ഷെയർ മാർക്കറ്റ് വിപണി വളർച്ച കൈവരിച്ചു കൊണ്ടാണ് മുന്നേറുന്നത്. അതുകൊണ്ട് തന്നെ ശരീഅത് പിന്തുടരുന്ന കമ്പനികളിൽ പണം നിക്ഷേപിക്കുന്നതും വരുമാന മാർഗമായി കാണുന്നതും നല്ലൊരു അവസരമായി കാണേണ്ടതുണ്ട്. എന്നാൽ പല ആളുകളും ഡി മാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിലും ഷെയർ മാർക്കറ്റിൽ നിക്ഷേപണം നടത്തുന്നതും വളരെ പ്രയാസമുള്ള നടപടിക്രമമാണ് എന്നാണ് ധരിച്ചിട്ടുള്ളത്. പക്ഷെ വളരെ ലളിതമായി ഏതൊരാൾക്കും മനസിലാക്കാൻ കഴിയുന്ന രീതിയിലുള്ള നടപടിക്രമങ്ങളാണ് ഇതിനുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു. ആയതിനാൽ എല്ലാവരും ഈ രംഗത്തേക്ക് കടന്നു വരണമെന്നും നിക്ഷേപങ്ങൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

തുടർന്ന് നടന്ന ചോദ്യോത്തര സെഷനിൽ സദസ്യർക്കുള്ള സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. അബ്ദുൽ റഷാദ് കരുമാര സ്വാഗതവും ശറഫുദ്ധീൻ മേപ്പാടി നന്ദിയും പറഞ്ഞു.