ടൂറിസം പാക്കേജിന്റെ പേരിൽ തട്ടിപ്പ്; നിരവധി മലയാളികൾ കുടുങ്ങി

0
2202

ദുബായ്: മലയാളികളടക്കം നിരവധിപേർ
വ്യാജ ടൂറിസം പാക്കേജിന്റെ പേരിൽ പണം തട്ടുന്ന സംഘത്തിന്റെ കെണിയിൽ പെട്ടു. വഞ്ചിതരായവർ പൊലീസിൽ പരാതി നൽകി. 22 പേരാണ് തുവരെ പരാതിപ്പെട്ടത്. അബുദാബി ടൂറിസം ക്ലബ് ഏരിയയിൽ ഓഫിസ് എടുത്തു പ്രവർത്തിച്ച ലെഗസി ട്രാവൽ ആൻഡ് ടൂറിസം എൽഎൽഎസി എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പണം നൽകിയ ശേഷം ട്രാവൽ ഏജൻസിയിൽ നിന്നു മറുപടി ലഭിക്കാതെ വന്നതോടെ നേരിട്ട് എത്തിയവർ കണ്ടത് അടഞ്ഞുകിടക്കുന്ന ഓഫിസ്.
ഇവരുടെ ഫോൺ നമ്പറുകളെല്ലാം  പ്രവർത്തനരഹിതമാണ്.

മാളുകൾ പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നവരിൽ നിന്നു വ്യക്തിഗത വിവരങ്ങൾ പൂരിപ്പിച്ചു വാങ്ങിയാണ് തട്ടിപ്പിന്റെ തുടക്കം. നറുക്കെടുപ്പിലെ ജേതാക്കൾക്ക് വിലപ്പെട്ട സമ്മാനം വാഗ്ദാനം ചെയ്താണ് വ്യക്തി വിവരങ്ങൾ ശേഖരിക്കുന്നത്. വിലപ്പെട്ട സമ്മാനം ലഭിച്ചെന്ന വിളിയാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം. പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് സമ്മാനാർഹരെ വിളിച്ചു വരുത്തും. മാന്യമായി സ്വീകരിച്ച് ഇരുത്തിയ ശേഷം കുറഞ്ഞ നിരക്കിൽ ആകർഷകമായ ടൂറിസം പാക്കേജുകൾ വിശദീകരിക്കും.

താൽപര്യമില്ലെന്ന് അറിയിക്കുന്നവർക്കു മുന്നിൽ ‘മാനേജർ’ എത്തി വീണ്ടും ഡിസ്കൗണ്ട് നൽകും. എന്നിട്ടും വീണില്ലെങ്കിൽ ഉംറ പാക്കേജ് ഉൾപ്പെടെ തീർഥാടന യാത്ര വാഗ്ദാനം ചെയ്യും. ഒരു മണിക്കൂർ സംസാരത്തിനിടെ ഇരകളുടെ അഭിരുചി മനസ്സിലാക്കിയാണ് വിലപേശൽ. സാധാരണ മറ്റു ടൂറിസം കമ്പനിയുടെ തുകയെക്കാൾ പകുതി നിരക്കിൽ വിദേശ യാത്രാ പാക്കേജ് മുന്നോട്ടു വയ്ക്കുന്നതോടെ പലരും വീഴും.