റിയാദ്: സഊദി തൊണ്ണൂറ്റി രണ്ടാം ദേശീയ ദിനമാഘോഷിക്കുമ്പോൾ കെഎംസിസിയുടെ രക്തദാനത്തിന് ദശവാർഷികം. സഊദി കെഎംസിസി നാഷണൽ കമ്മിറ്റി 2012 ൽ ആരംഭിച്ച രക്തദാനത്തിൽ ഓരോ വർഷങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരകണക്കിന് പേർ പങ്കാളികളായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇത്തവണയും രക്തദാനം വൻ വിജയമാക്കാൻ വിവിധ ഭാഗങ്ങളിൽ കെഎംസിസി കമ്മിറ്റികളും പ്രവർത്തകരും കർമ്മ രംഗത്താണെന്ന് നേതാക്കൾ അറിയിച്ചു .
ഉപജീവനത്തിനായി കടൽ കടന്നെത്തിയ വിദേശി സമൂഹത്തിന് തൊഴിലും അനുബന്ധ സൗകര്യങ്ങളും നൽകിയ രാജ്യത്തോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്താൻ രാജ്യത്തെമ്പാടുമുള്ള കെഎംസിസി പ്രവർത്തകർ രക്തദാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. “അന്നം നല്‍കിയ രാജ്യത്തിന് ജീവരക്തം സമ്മാനം” എന്ന പ്രമേയമുയര്‍ത്തിപ്പിടിച്ചാണ് കെ.എം.സി.സി പ്രവര്‍ത്തകര്‍ രക്തദാനം നിര്‍വഹിക്കുക . സെപ്റ്റംബർ 30 വരെ നീണ്ടു നിൽക്കുന്ന കാമ്പയിനന്റെ ഭാഗമായി കഴിഞ്ഞ 19 മുതൽ തന്നെ വിവിധ സെൻട്രൽ കമ്മിറ്റികൾ രക്തദാനം ആരംഭിച്ചിട്ടുണ്ട്.
ഈ രാജ്യത്തിന്റെ മണ്ണിൽ ഉപജീവനത്തിനു വഴിയൊരുക്കി തന്ന സഊദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സഊദി ജനതക്കും നന്ദിയർപ്പിക്കുകയാണ് മലയാളികളടക്കമുള്ള രാജ്യത്തെ വിദേശി സമൂഹം. ലോകമെങ്ങും കോവിഡിന്റെ പിടിയിലമർന്ന് നിശ്ചലമായ സാഹചര്യത്തിൽ പോലും രാജ്യത്തെ പൗരന്മാരെ പോലെ വിദേശികളെ സംരക്ഷിച്ച ഭരാണാധികാരികളോടുള്ള കൃതജ്ഞത വാക്കുകൾക്കതീതമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ഒട്ടേറെ ആനുകൂല്യങ്ങൾ നൽകി വിദേശികൾക്ക് തുണയായ ഭരണകൂടത്തോടും രാജ്യത്തെ ജനങ്ങളോടുമുള്ള കടപ്പാട് രക്തദാനം വഴി രേഖപ്പെടുത്തുകയാണ് സഊദിയിലെ ഏറ്റവും വലിയ മലയാളി സാംസ്‌കാരിക സംഘടനയായ കെഎംസിസി.
മുൻകാലങ്ങളിൽ സഊദി ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയ രക്തദാനം ഇത്തവണയും വളരെ ശാസ്ത്രീയമായാണ് സംഘടിപ്പിക്കുന്നത്. കെ.എം.സി.സിയുടെ സെന്‍ട്രല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അവധി ദിനങ്ങളായ ഇന്നും നാളെയും കെഎംസിസി പ്രവര്‍ത്തകര്‍ സഊദി ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച ആസ്പത്രികളിലെത്തി രക്തം ദാനം ചെയ്യും. പിന്നീട് ഒരാഴ്ചയിലധികം കാമ്പയിൻ നീണ്ടു നിൽക്കും. വിവിധ കേന്ദ്രങ്ങളില്‍ സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ രക്തദാന ചടങ്ങില്‍ സംബന്ധിക്കും.




