തുറൈഫ്: സഊദി അറേബ്യയിലെ തുറൈഫിൽ വാഹനാപകടത്തിൽ
രണ്ടു പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെ ആറു മണിക്കാണ് സംഭവം. തുറൈഫ് നഗരത്തിൽ നിന്ന് പോകുന്ന അറാർ ഹൈവേയിലാണ് അപകടം നടന്നത്.
ബസിന്റെ പിന്നിൽ ട്രക്ക് വന്നിടിച്ചാണ് അപകടം. ജോലി സ്ഥലത്തേക്ക് തൊഴിലാളികളെയും കൊണ്ട് പോയ ബസാണ് അപകടത്തിൽ പെട്ടത്. ബസിന്റെ പിന്നിലിരുന്ന രണ്ടു തൊഴിലാളികൾ ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരിക്കുകയായിരുന്നു.
മൂന്ന് പേരുടെ നില ഗുരുതരമാണ്.
മരണപ്പെട്ടവരും പരുക്കേറ്റവരുമെല്ലാം കിഴക്കൻ ഏഷ്യക്കാരാണ്. അപകടം പറ്റിയ ഉടനെ തന്നെ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലൻസുകളും ആരോഗ്യ വകുപ്പിന്റെ ആംബുലൻസുകളും സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തുറൈഫ് ഗവർണർ ബദ്ർ ബിൻ നജ്ർ സംഭവ സ്ഥലവും ആശുപത്രിയും സന്ദർശിച്ചു.




