മദീന: സൗദി ജിയോളജിക്കൽ സർവേ (എസ്ജിഎസ്) മദീന മേഖലയിൽ സ്വർണത്തിന്റെയും ചെമ്പിന്റെയും വൻതോതിലുള്ള
നിക്ഷേപം കണ്ടെത്തി.
മദീന മേഖലയിൽ ഉമ്മുൽ-ബറാക്ക് ഹെജാസിന്റെ കവചമായ അബ അൽ-റഹയുടെ അതിർത്തിക്കുള്ളിൽ സ്വർണ്ണ അയിര് കണ്ടെത്തുന്നതിൽ വിജയിച്ചതായി സർവേ ആൻഡ് മിനറൽ എക്‌സ്‌പ്ലോറേഷൻ സെന്റർ പ്രതിനിധീകരിക്കുന്ന എസ്‌ജിഎസ് പറഞ്ഞു.
മദീനയിലെ വാദി അൽ-ഫറാ മേഖലയിലെ അൽ-മാദിഖ് പ്രദേശത്തെ നാല് സ്ഥലങ്ങളിൽ ചെമ്പ് അയിരും കണ്ടെത്തി.
ഇതോടെ 2022-ലെ കണ്ടെത്തലുകളുടെ പട്ടികയിലേക്ക് ഇവയും ചേരും. ഇത് രാജ്യത്തെ ഖനന നിക്ഷേപത്തിന്റെ വേഗത വർദ്ധിപ്പിക്കുകയും അങ്ങനെ രാജ്യത്തിന്റെ വിഷൻ 2030-നെയും ദേശീയ സമ്പദ്‌വ്യവസ്ഥയെയും പിന്തുണയ്ക്കുകയും ചെയ്യും.

സൗദി അറേബ്യയിലെ വിവിധ സ്ഥലങ്ങളിലെ ഈ കണ്ടെത്തലുകൾ ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് സംഭാവന ചെയ്യും. അഭിവൃദ്ധി പ്രാപിക്കുന്ന ഖനന മേഖലയിൽ നിക്ഷേപം നടത്തുന്നതിന് പ്രാദേശിക, അന്തർദേശീയ നിക്ഷേപകരുടെ ഒഴുക്കും ഇതോടെയുണ്ടാവും.
മദീന മേഖലയിൽ സ്ഥിതി ചെയ്യുന്ന ഉമ്മുൽ-ദമർ ഖനന സൈറ്റിന് ലൈസൻസ് നേടുന്നതിനായി 13 സൗദി, വിദേശ കമ്പനികൾ, മത്സരിക്കുന്നുണ്ട്. ഉമ്മുൽ-ദമർ പര്യവേക്ഷണ ലൈസൻസിനായി 13 ലേലക്കാരെ പ്രീ ക്വാളിഫൈ ചെയ്തതായി വ്യവസായ, ധാതു വിഭവശേഷി മന്ത്രാലയം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഉമ്മുൽ-ദമർ സൈറ്റ് 40 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ളതാണ്, അതിൽ ചെമ്പ്, സിങ്ക്, സ്വർണ്ണം, വെള്ളി നിക്ഷേപങ്ങൾ എന്നിവ ഉൾപ്പെടുന്നു.
2022 ഒക്ടോബറിനകം പ്രീക്വാളിഫൈഡ് ബിഡ്ഡർമാർ അവരുടെ നിർദ്ദേശങ്ങൾ സമർപ്പിക്കണം. സൈറ്റിന് 2 ബില്യൺ റിയാൽ നിക്ഷേപം പ്രതീക്ഷിക്കുന്നു, ഏകദേശം 4,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയത്തിന്റെ മൈനിംഗ് പോർട്ടലിൽ ലഭ്യമായ പ്രോജക്റ്റ് ബ്രോഷർ പറയുന്നു.




