അനധികൃത മദ്യ വിൽപനയെ തുടർന്നുണ്ടായ തർക്കം; യുവാവ് കൊല്ലപ്പെട്ടു ; 7 പേർക്കു തടവ് ശിക്ഷ

0
1252

ദുബായ്: അനധികൃത മദ്യ വിൽപനയെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നു യുവാവിനെ കൊല്ലപ്പെട്ട കേസിൽ 7 പേർക്കു തടവ് ശിക്ഷ.ആറുപേർക്ക് 10 വർഷവും ഏഴാമനു മൂന്നു വർഷവുമാണു തടവ്. ശിക്ഷാ കാലാവധി കഴിഞ്ഞാൽ പ്രതികളെ നാടുകടത്തും.

കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ദുബായിലെ താമസ കേന്ദ്രത്തിന് അടുത്ത് വഴക്കുണ്ടാവുകയും വടിയും കത്തിയും ഉപയോഗിച്ച് ഒരാളെ  തെരുവിൽ കൊലപ്പെടുത്തുകയുമായിരുന്നു.

ആക്രമണത്തിനിരയായ ആൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്തു വീഴുകയായിരുന്നുവെന്നു കണ്ടു നിന്നയാൾ പൊലീസിനു മൊഴി നൽകിയിരുന്നു. പോലീസെത്തുമ്പോഴേക്കും അക്രമികൾ സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ടു. തല, മൂക്ക്, വായ എന്നിവിടങ്ങളിൽ നിന്നു രക്തം വാർന്ന യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അക്രമികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും അന്വേഷണ സംഘത്തിനു പെട്ടെന്നു കഴിഞ്ഞതായും ദുബായിൽ അനധികൃതമായി മദ്യവിൽപന നടത്തിയിരുന്നതായി അവർ സമ്മതിച്ചതായും പൊലീസ് പറഞ്ഞു.  മദ്യക്കച്ചവടത്തിന് വിവിധ സ്ഥലങ്ങൾ ഭാഗിച്ചെടുക്കുന്ന കാര്യത്തിൽ തങ്ങളും  അനധികൃത മദ്യവിൽപന നടത്തിയ സംഘത്തിലുൾപ്പെട്ട മരിച്ചയാളും ഇയാളുടെ കൂട്ടാളികളും തമ്മിൽ തർക്കമുണ്ടായതായി അറസ്റ്റിലായവർ പറഞ്ഞു.

തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് കൊല്ലപ്പെട്ടയാളും കൂട്ടാളികളും ലഹരിപാനീയങ്ങൾ വിറ്റിരുന്നു. അതിനാൽ പ്രതികാരം ചെയ്യാൻ  തീരുമാനിച്ചു. പിന്നീട് ‌ഇതേ പ്രദേശത്തു ലഹരിപാനീയങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതു കണ്ട താൻ മറ്റുള്ളവരെ വിവമറിയിക്കുകയും എല്ലാവരും ചേർന്നു വിൽപനക്കാരനെ പിടികൂടി മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ കൈകൊണ്ട് അടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്‌തതായി പ്രതികൾ പറഞ്ഞു.  കൊല്ലാനല്ലായിരുന്നു തങ്ങളുടെ ഉദ്ദേശ്യമെന്നും വ്യക്തമാക്കി.

ഫോറൻസിക് ഡോക്‌ടറുടെ റിപ്പോർട്ട് അനുസരിച്ച്, മൃതദേഹത്തിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരുക്കേൽക്കുകയും മുറിവുകൾ ഉണ്ടാകുകയും ചെയ്തു.  എന്നാൽ, മർദനമേറ്റതിനെ തുടർന്നുണ്ടായ  ഹൃദയസ്തംഭനമാണ് മരണത്തിൽ കലാശിച്ചത്.