സ്കൂൾ ബസിനുള്ളിൽ വിദ്യാർഥിനിക്ക്‌ ദാരുണാന്ത്യം; കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം

0
3871

ദോഹ: കടുത്ത ചൂടിനെത്തുടർന്ന്
വിദ്യാർഥിനി ബസിനുള്ളിൽ മരിച്ചു.
കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസയാണ് ദാരുണമായി മരിച്ചത്.
മിൻസയുടെ പിറന്നാൾ ദിനത്തിലാണ് ദാരുണാന്ത്യം.

രാവിലെ സ്കൂൾ ബസിൽ പോയ കുട്ടി ബസിനുള്ളിൽ സീറ്റിൽ ഉറങ്ങിപ്പോയതിനാൽ ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോവുകയായിരുന്നു. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. ഉച്ചയ്ക്കു കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുത്തപ്പോഴാണ് ബസിനുള്ളിൽ കുട്ടി കിടക്കുന്നതു ജീവനക്കാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി1 വിദ്യാർഥിനിയാണ് മിൻസ.
രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തെന്നാണ് പ്രാഥമിക വിവരങ്ങൾ.

അൽ വക്ര ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കു ശേഷം മിൻസയുടെ മൃതദേഹം കോട്ടയം ചിങ്ങവനത്തേക്കു കൊണ്ടുപോകും. മിൻസയുടെ സഹോദരി മീഖ എംഇഎസ് ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.