റിയാദ്: ഇറാഖി സയാമീസ് ഇരട്ടകളായ ഉമറും അലിയും റിയാദിലെത്തി. ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശ പ്രകാരമാണ് ഇരുവരും മാതാപിതാക്കൾക്കൊപ്പമെത്തിയത്.
വേർപിരിയൽ പ്രക്രിയ നടത്താനുള്ള സാധ്യത പരിഗണിക്കുന്നതിനായിയും മെഡിക്കൽ പരിശോധനകൾക്കായുമാണ് ഇവരെ റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ കിങ് അബ്ദുള്ള സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ എത്തിച്ചു.

പിതാവ് മുഹമ്മദ് അബ്ദുല്ല സൽമാൻ രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനോടും രാജ്യത്തിലെ ജനങ്ങളോടും നന്ദിയും അറിയിച്ചു.
സയാമീസ് ഇരട്ടകളെ വേർപിരിക്കുന്നതിനുള്ള സൗദി പദ്ധതിക്ക് സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നൽകുന്ന പിന്തുണക്ക് ശസ്ത്രക്രിയ വിദഗ്ധനും കിങ് സൽമാൻ റിലീഫ് സെന്റർ ജനറൽ സൂപർവൈസറുമായ ഡോ. അബ്ദുല്ല അൽറബീഅ നന്ദി അറിയിച്ചു.
ലോകമെമ്പാടുമുള്ള ദുരിതബാധിതരോട് സൗദി ഭരണകൂടം പുലർത്തുന്ന ഉദാരമായ സമീപനത്തെയും മാനവിക ബോധത്തെയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സയാമീസ് ഇരട്ടകളെ വേർപിരിക്കുന്ന ശസ്ത്രക്രിയയുടെ കാര്യത്തിൽ ലോകത്ത് സൗദി അറേബ്യക്ക് മികച്ച സ്ഥാനമാണുള്ളത്.