അന്യായമായി സ്പോൺസർ സാമ്പത്തിക കുറ്റം ചാർത്തി; നാല് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ മലപ്പുറം സ്വദേശി നാടണഞ്ഞു

0
1779

റിയാദ്: ഏഴ് വർഷമായി രേഖകൾ ശരിയാവാതെ നാട്ടിലേക്ക് പോവാൻ കഴിയാതെ കഷ്ടപ്പെട്ടിരുന്ന മലപ്പുറം സ്വദേശി ഒടുവിൽ നാടണഞ്ഞു. കീഴിശേരി വാലില്ലാപ്പുഴ സ്വദേശി അബ്ദുസ്സലാം ആണ് നീണ്ട നാല് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നാടണഞ്ഞത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കെ. എം. സി. സി. ഉനൈസ സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് അവസാനം കോടതിയിൽ നിന്നും നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് പോവാൻ ആവശ്യമായ രേഖകൾ ലഭിച്ചത്.

ഇരുപത് വർഷത്തിലധികമായി ഉനൈസ ലേഡീസ് മാർകറ്റിൽ ബക്കാലയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തെ, വർഷങ്ങൾക്ക് മുൻപ് ജോലി ചെയ്ത് വന്നിരുന്ന സ്ഥാപനം സ്പോൺസർ വിൽക്കുകയും സാമ്പത്തിക പ്രശ്നത്തിൽ നിയമ നടപടിസ്വീകരിക്കുകയും ചെയ്തതോടെ ദുരിതത്തിൽ ആകുകയായിരുന്നു.

തീർത്തും നിരപരാധിയായ അബ്ദുസ്സലാമിനെതിരെ സ്പോൺസർ കൈ കൊണ്ട നടപടി പിൻവലിക്കാനും, നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യണമെന്ന് സ്പോൺസറോട് പല തവണ ആവശ്യപ്പെട്ടെങ്കിലും അതിനൊന്നും തയാറായില്ല.

കെ. എം. സി. സി. ഉനൈസ സെൻട്രൽ കമ്മറ്റി ഇടപെട്ട് സ്പോൺസറോട് നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു പരിഗണനയും ലഭിക്കാതെ വന്നപ്പോൾ നാല് വർഷങ്ങൾക്ക് മുൻപ് തൊഴിൽ കോടതിയെ സമീപിക്കുകയായിരുന്നു. നാല് വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ കോടതിയിൽ നിന്നും അനുകൂല വിധി ലഭിക്കുകയും അദ്ദേഹത്തിന് നാട്ടിലേക്ക് പോവാൻ അവസരം വരികയും ചെയ്യുകയായിരുന്നു. നിലവിൽ ഒരു പെറ്റ് ഷോപ്പിൽ താത്കാലിക ജോലി ചെയ്ത് വരികയായിരുന്നു.

സെൻട്രൽ കമ്മറ്റി നേതാക്കളായ ജംഷീർ മങ്കട, സയ്യിദ് സുഹൈൽ, അഷ്‌റഫ്‌ മേപ്പാടി വെൽഫെയർ വിംഗ് ചെയർമാൻ ഷമീർ ഫെറോക്, ശംസുദ്ധീൻ മേപ്പാടി എന്നിവർ ചേർന്ന് യാത്ര രേഖകൾ കൈമാറി. ബുറൈദയിലെ സാമൂഹ്യ പ്രവർത്തകനായിരുന്ന ഫൈസൽ ആലത്തൂരും ഇദ്ദേഹത്തിന്റെ നിയമപോരാട്ടത്തിൽ പങ്കാളിയായിരുന്നു.