കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്ടറേറ്റ് നല്‍കണം’; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രമേയം

0
2028

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ , അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി എന്നിവർക്ക് കാലിക്കറ്റ് സർവ്വകലാശാല ഡി-ലിറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം. വൈസ് ചാൻസലറുടെ അനുമതിയോടെ ഇടതുപക്ഷ അനകൂലിയായ സിൻഡിക്കേറ്റംഗം ഇ അബ്ദുറഹിമാനാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാൽ, അവതരണത്തിനിടെ ഇടതുപക്ഷ അംഗങ്ങൾക്കിടയിൽ തന്നെ തർക്കമുണ്ടായി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സമൂഹത്തിന് ഗുണകരമായ രീതിയിൽ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന മഹദ് വ്യക്തികളാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരും വെള്ളാപ്പള്ളി നടേശനുമെന്ന് പ്രമേയത്തില്‍ പറയുന്നു. സ്വന്തം കുടുംബങ്ങൾക്ക് വേണ്ടി പണം സ്വരൂപിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളല്ല അവർ നടത്തുന്നതെന്നും പ്രമേയത്തിൽ പറയുന്നു. വെള്ളാപ്പള്ളി നടേശൻ സമൂഹത്തിനായി നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിപ്പടുത്തിട്ടുണ്ട്, ഇപ്പോഴും ഈ രംഗത്ത് സജീവമാണ്.

മറ്റ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തുകയും കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ന്യൂജെൻ കോഴ്സുകൾ ലഭ്യമാക്കുകയും ചെയ്യുന്ന വിപ്ലവകരമായ പ്രവർത്തനമാണ് കാന്തപുരം നടത്തുന്നതെന്നും പ്രമേയത്തിൽ പരാമർശിച്ചു. ഇരുവരുടെയും പ്രൊഫൈലുകൾ ഡിലിറ്റ് നൽകുന്നതുമായി നിയമിക്കപ്പെട്ട ഉപസമിതി പഠിക്കണമെന്നാണും പ്രമേയത്തിൽ പറയുന്നു.

അതെ സമയം, ഇടതുപക്ഷ അംഗങ്ങൾക്കിടയിൽ തന്നെ തർക്കമാണുണ്ടായത്. ഡി ലിറ്റ് നൽകാൻ ആവശ്യപ്പെട്ടുള്ള പ്രമേയം അനുവദിക്കില്ലെന്നും പ്രമേയം പിൻവലിക്കണമെന്നും ഒരു വിഭാഗം സിൻഡിക്കേറ്റംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ വിസിയുടെ അനുവാദത്തോടെ അവതരിച്ച പ്രമേയമാണെന്ന് ഇ അബ്ദുറഹിമാൻ വ്യക്തമാക്കി.

തർക്കം കടുത്തതോടെ ഡി ലിറ്റ് നൽകാൻ പ്രമുഖരായ വ്യക്തികളെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിൻഡിക്കേറ്റ് സബ് കമ്മിറ്റിയുടെ പരിഗണനയിലേക്ക് ഈ പ്രമേയം നൽകാൻ സിൻഡിക്കേറ്റിൽ തീരുമാനിക്കുകയായിരുന്നു. ഡോ. വിജയരാഘവൻ,ഡോ.വിനോദ് കുമാർ,ഡോ റഷീദ് അഹമ്മദ് എന്നിവരടങ്ങുന്ന സബ് കമ്മിറ്റി വിഷയം പരിശോധിക്കും.