റിയാദ്: ലാൻഡ് ബ്രിഡ്ജ് പ്രോജക്റ്റ് പദ്ധതി വർധിച്ച പുരോഗതിക്ക് സാക്ഷ്യം വഹിക്കുന്നുവെന്നും പദ്ധതി ഉടൻ ആരംഭിക്കുമെന്നും സഊദി ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി എൻജിനീയർ സാലിഹ് അൽ ജാസർ വെളിപ്പെടുത്തി. ഇതിന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ശ്രദ്ധയും പിന്തുണയും ലഭിക്കുന്നുണ്ടെന്നും അദ്ദേഹ പറഞ്ഞു.
ദേശീയ ഗതാഗത തന്ത്രത്തിൽ 1,000-ലധികം സംരംഭങ്ങൾ ഉൾപ്പെടുന്നുവെന്നും അതിൽ 30 എണ്ണം പ്രധാനമാണെന്നും ആഗോള ലോജിസ്റ്റിക്സ് ഹബ് എന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന ലാൻഡ് ബ്രിഡ്ജ് പ്രോജക്റ്റ് ഉൾപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദിൽ ലോക്കൽ കണ്ടന്റ് ഫോറത്തിൽ തിങ്കളാഴ്ച നടന്ന പാനൽ സെഷനിലാണ് അൽ ജാസർ ഇക്കാര്യം വെളിപ്പെടുത്തിയത്. 60 ശതമാനത്തിലധികം പ്രാദേശിദഅടിസ്ഥാനത്തിലായിരിക്കും പദ്ധതി ലക്ഷ്യമിടുന്നതെന്ന് അനുബന്ധ പഠനങ്ങളെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.”ഗതാഗത മേഖലയ്ക്ക് റെയിൽവേ, വാഹനങ്ങൾ, സിഗ്നലിംഗ് സംവിധാനങ്ങൾ എന്നിവയുൾപ്പെടെ പ്രധാന അടിസ്ഥാന സൗകര്യങ്ങളുണ്ട്.”
വാഹനങ്ങൾ, റെയിൽവേ, സ്പെയർ പാർട്സ് എന്നിവയുടെ നിർമ്മാണം ഉൾപ്പെടെയുള്ള വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് വ്യവസായ, ധാതു വിഭവ മന്ത്രാലയം, നിക്ഷേപ മന്ത്രാലയം എന്നിവ തമ്മിലുള്ള സഹകരണത്തിലൂടെ വലിയ നിക്ഷേപങ്ങളിൽ നിന്ന് രാജ്യത്തിന് കാര്യമായ നേട്ടമുണ്ട്. എയർ കൺട്രോളർ, മറൈൻ ഡിസ്പാച്ചർ എന്നിവരുടെ ജോലികൾ പ്രാദേശികവൽക്കരിച്ചതായും കോ-പൈലറ്റ്, പൈലറ്റ് ജോലികൾ പ്രാദേശികവൽക്കരിക്കുന്നതിൽ രാജ്യം വളരെ അടുത്താണെന്നും അദ്ദേഹം പറഞ്ഞു.




