റിയാദ്: ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് സഊദി സന്ദർശനത്തിനായി ഓൺലൈൻ വിസകൾ ലഭ്യമായിത്തുടങ്ങി. രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ച പുതിയ വിസ സംവിധാനം പ്രാബല്യത്തിൽ വന്നതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിൽ സഊദിയിലേക്ക് സന്ദർശകരുടെ ഒഴുക്ക് തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇ-വിസക്കായി അപേക്ഷിച്ച് മണിക്കൂറുകൾക്കകം തന്നെ വിസ ഇഷ്യു ചെയ്തു കിട്ടിയതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ജിസിസി രാജ്യങ്ങളിലെ വിദേശികളിൽ കൃത്യമായ താമസരേഖയുള്ളവർക്കാണ് അഥവാ ആ നാടുകളിലെ ഇഖാമ ഉള്ളവർക്കാണ് വിസ ലഭിക്കുക. രണ്ട് ദിവസം മുമ്പാണ് സഊദി സന്ദർശിക്കാൻ ഓൺലൈൻ വിസ നൽകുമെന്ന സഊദി ടൂറിസം മന്ത്രാലയത്തിന്റെ പ്രഖ്യാപനം വന്നത്.
ആവശ്യപ്പെട്ട രേഖകൾ സഹിതം ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചവർക്ക് മണിക്കൂറുകൾക്കകം ഓൺലൈൻ വിസ ഇ-മെയിൽ വഴിയാണ് ലഭിക്കുന്നത്. ഇമെയില്‍ ഉപയോഗിച്ച് സൈറ്റില്‍ കയറി അപേക്ഷ നല്‍കുമ്പോള്‍ പാസ്‌പോര്‍ട്ട്, ഗള്‍ഫ് രാജ്യങ്ങളിലെ താമസ രേഖ എന്നിവയുടെ കോപ്പി, ഫോട്ടോ എന്നിവ അറ്റാച്ച് ചെയ്യണം. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി പണമടച്ചാല്‍ മണിക്കൂറുകള്‍ക്കകം ഫോട്ടോ പതിച്ച വിസ ലഭിക്കും. 300 റിയാൽ ഫീസും ഇൻഷുറൻസ് പോളിസി നിരക്കും നൽകിയാണ് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഗൾഫിലെ വിദേശികൾ ടൂറിസ്റ്റ് വിസ നേടാനാകുക.
ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ഉംറ കർമം നിർവഹിക്കാവുന്നതാണ്. എന്നാൽ, ഹജ്ജ് സീസണിൽ ഇതിന് വിലക്കുണ്ടാകും. വിസിറ്റ് സഊദി ഡോട്ട്‌കോം എന്ന വെബ്‌സൈറ്റിൽ വിസാ പേജ് സന്ദർശിച്ചാണ് വിസ കരസ്ഥമാക്കേണ്ടത്. അതാത് രാജ്യങ്ങളിലെ താമസ രേഖ മൂന്ന് മാസത്തിൽ കൂടുതൽ ഉള്ളവർക്കും പാസ്പോർട്ടിലെ കാലാവധി ആറു മാസത്തിൽ കൂടുതൽ ഉള്ളവർക്കുമാണ് സിംഗിൾ, മൾട്ടിപ്പിൾ എൻട്രി ഇ വിസകൾ ലഭ്യമാകുന്നത്. 90 ദിവസം സഊദിയിൽ തങ്ങാൻ അനുമതിയുള്ള മൾട്ടിപ്പിൾ വിസകളിൽ ഈ ദിവസത്തിനിടെ എത്ര തവണ വേണമെങ്കിലും സഊദിയിൽ വന്നു തിരിച്ചു പോകാം.
ഒരു വർഷത്തെ കാലാവധിയാണ് വിസക്ക് ഉള്ളതെങ്കിലും സഊദിയിൽ ആകെ ചിലവഴിക്കാൻ സാധിക്കുക 90 ദിവസം മാത്രമാണ്. തൊഴിലുടമയുടെ അനുമതിപത്രമോ ബാങ്ക് സ്റ്റേറ്റ്മെന്റോ ആവശ്യമില്ലാത്തതിനാൽ അതിവേഗം കാര്യങ്ങൾ സാധ്യമാകുന്നുണ്ടെന്ന് അപേക്ഷകർ പറഞ്ഞു.
സഊദി സന്ദർശന വിസാനിയമത്തിലെ പുതിയമാറ്റം രാജ്യത്തെ വാണിജ്യരംഗത്ത് വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളുമായി കരമാർഗം അതിർത്തി പങ്കിടുന്ന രാജ്യത്തെ ചെറുതും വലുതുമായ പട്ടണങ്ങളിലെ വ്യാപാരികളടക്കം ഈ മാറ്റത്തിന്റെ ഗുണഭോക്തക്കളാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും ഉംറ നിർവഹിക്കാനും കുടുംബമായും അല്ലാതെയും ഇനി മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്ന് സഊദിയിലേക്ക് വൻ തോതിൽ ആളുകളെത്തുമെന്നതും പ്രതീക്ഷിക്കുന്നുണ്ട്.
മഞ്ഞുപെയ്യുന്ന തണുപ്പുകാലത്ത് മാത്രം വിനോദസഞ്ചാര കേന്ദ്രങ്ങളായി സഞ്ചാരികളെ ആകർഷിക്കുന്ന ചില പ്രദേശങ്ങളും സഊദിയിലുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ ഇനി വിദേശ സഞ്ചാരികളുടെ വലിയ പ്രവാഹം തന്നെയുണ്ടാകുമെന്നതിനു പുറമെ അടുത്ത കാലത്തായി സഊദിയുടെ സംരംഭക നയത്തിലുണ്ടായ മാറ്റങ്ങളെ തുടർന്ന് നിക്ഷേപം ഇറക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള പ്രാഥമിക കാര്യങ്ങൾക്കായും സഊദിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുമാകും. ബിസിനസ്സിനുള്ള സാധ്യതാപഠനം നടത്തുന്നതിനും പങ്കാളികളെ കണ്ടെത്തുന്നതിനും അവരുമായി സംവദിക്കാനും സഊദിയിലേക്ക് എത്തിച്ചേരാം.
ഇത് വരെ ഇത്തരം കാര്യങ്ങൾക്ക് വരെ സഊദിയിൽ എത്തുക അത്ര എളുപ്പം ആയിരുന്നില്ല. അയൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിദഗ്ധർക്ക്, തൊഴിൽ സാധ്യതകൾ ഏറെയുള്ള സഊദിയിലെത്തി ആവശ്യമെങ്കിൽ ഫിസിക്കൽ ഇന്റർവ്യൂവിന് ഹാജരാകാനും വിസ ഉപയോഗപ്പെടുത്താനാകും. എന്നാൽ, ടൂറിസം ലക്ഷ്യമാക്കി അനുവദിക്കുന്ന ടൂറിസം വിസയിൽ തൊഴിലെടുക്കുന്നത് നിയമ വിരുദ്ധമാണ്. ഇക്കാര്യം ശ്രദ്ധയിൽപെട്ടാൽ സന്ദർശകനും തൊഴിൽദാതാവിനും എതിരെ ശക്തമായ നിയമനടപടിയുണ്ടാകും.
ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ബ്രിട്ടനിലും കഴിയുന്ന ദശലക്ഷക്കണക്കിന് വിദേശികൾക്ക് സഊദി അറേബ്യ എളുപ്പത്തിൽ സന്ദർശിക്കാനുള്ള അവസരമാണ് പുതിയ തീരുമാനത്തിലൂടെ സംജാതമായിരിക്കുന്നത്. 2019 ൽ ആണ് സഊദി അറേബ്യ ടൂറിസ്റ്റ് വിസ അനുവദിക്കാൻ തുടങ്ങിയത്. ടൂറിസ്റ്റ് വിസ നിയമത്തിൽ ഭേദഗതികൾ വരുത്തിയാണ് ഗൾഫിൽ കഴിയുന്ന വിദേശികൾക്ക് അടക്കം ടൂറിസ്റ്റ് വിസ അനുവദിക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.




