ജിദ്ദ സ്പീക്കേഴ്സ് ഫോറം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ജിദ്ദ: പ്രവാസി മലയാളികളുടെ ഇംഗ്ലീഷ് ആശയ സംവേദന ശേഷികളെ പരിപോഷിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഒരു പതിറ്റാണ്ടു മുമ്പ് രൂപമെടുത്ത ജിദ്ദ സ്പീക്കേഴ്സ് ഫോറം (ജെ എസ് എഫ് ) ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘സ്വാതന്ത്ര്യത്തിന്റെ അഭിമാനകരമായ 75 വർഷങ്ങൾ’ എന്ന വിഷയത്തെ അധികരിച്ച് ചീഫ് മെന്റർ നസീർ വാവക്കുഞ്ഞു മുഖ്യപ്രഭാഷണം നടത്തി. ബഹിരാകാശ ശാസ്ത്രമുൾപ്പടെ വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക കലാ സാംസ്കാരിക രംഗങ്ങളിൽ അത്യുജ്ജ്വല നേട്ടങ്ങൾ കൈവരിക്കാനായത് ജനാധിപത്യം, സാക്ഷരത, മത നിരപേക്ഷത, ഭരണഘടന എന്നിവയോട് ഇന്ത്യൻ ജനതയുടെ കടുത്ത പ്രതിബദ്ധതകൊണ്ടാണെന്ന് അദ്ദേഹം സമർത്ഥിച്ചു. സമസ്ത മേഖലകളിലും രാജ്യം കഴിഞ്ഞ 75 വര്ഷത്തിനുള്ളിൽ കൈവരിച്ച നേട്ടങ്ങൾ അദ്ദേഹം വിശദമായി അവതരിപ്പിച്ചു.

ആശയ വിനിമയത്തിന്റെ വിവിധ തലങ്ങളെ കേന്ദ്രീകരിച്ച് നടന്ന സെഷനിൽ ജെ എസ് എഫ് ജനറൽ സെക്രട്ടറി വേങ്ങര നാസർ സംസാരിച്ചു.

ഇബ്രാഹിം ഷംനാദ്, ഷുക്കൂർ ചേകന്നൂർ, അബ്ദുൽ റഹ്മാൻ, സുഹൈൽ മലപ്പുറം എന്നിവർ ആശംസ നേർന്നു. ഇൻപീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജെ എസ് എഫ് പ്രസിഡണ്ട് എഞ്ചിനീയർ താഹിർ ജാവേദ് അധ്യക്ഷത വഹിച്ചു. ഷമീർ കെ. ടി സ്വാഗതവും അഷ്‌റഫ് പാട്ടാരി നന്ദിയും പറഞ്ഞു.