റിയാദ്: റി എൻട്രി വിസയിൽ അവധിക്ക് പോയി നിശ്ചിത കാലാവധിക്കുള്ളിൽ തിരികെ വരാത്ത വിദേശിയുടെ സ്റ്റാറ്റസ് സിസ്റ്റത്തിൽ മാറുന്നത് സംബന്ധിച്ച് മാനവവിഭവശേഷി മന്ത്രാലയം വിശദീകരണം നൽകി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അത്തരം തൊഴിലാളികളുടെ സ്റ്റാറ്റസ് എപ്രകാരമായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വിശദീകരിച്ചു.
എക്സിറ്റ്, റീ-എൻട്രി വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തിരികെ വരാത്ത വിദേശിയുടെ സ്റ്റാറ്റസ് സിസ്റ്റത്തിൽ “എക്സിറ്റിന് ശേഷം തിരിച്ചെത്തിയില്ല” (خرج ولم يعد) എന്ന് സ്വമേധയാ രേഖപ്പെടുത്തപ്പെടും.
അതേ സമയം, എക്സിറ്റ്, റീ-എൻട്രി വിസ കാലാവധി അവസാനിച്ച് രണ്ട് മാസത്തിന് ശേഷം ഇവരുടെ സ്റ്റാറ്റസ് “ജോലിയിൽ നിന്ന് വിട്ട് നിൽക്കുന്നു” (مُتغيب عن العمل) എന്നാക്കി പരിഷ്ക്കരിക്കുമെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വിശദീകരിച്ചു.
തിരിച്ചെത്താത്ത തൊഴിലാളികളെ പിരിച്ച് വിടുന്നതിനുള്ള നടപടിക്രമങ്ങൾ എപ്രകാരമാണെന്ന അന്വേഷണത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്.
സഊദിക്ക് പുറത്തുള്ള തൊഴിലാളിയുടെ ഇഖാമ, റി എൻട്രി കാലാവധികൾ അവസാനിച്ചാൽ ഫീസ് നൽകിക്കൊണ്ട് സ്പോൺസർക്ക് അവ പുതുക്കാൻ സാധിക്കുമെന്ന് ജവാസാത്ത് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും റി എൻട്രി കാലാവധി അവസാനിച്ച് രണ്ട് മാസം കഴിയുന്നതിന് മുമ്പ് തന്നെ റി എൻട്രി വിസ പുതുക്കുന്നതാകും സുരക്ഷിതം.
അല്ലാത്ത പക്ഷം, പിന്നീട് പുതുക്കണമെങ്കിൽ പുതിയ വിസയിൽ വരുന്നതിനു തുല്യമായി ബോംബെയിലെ സഊദി കോൺസുലെറ്റിൽ നിന്ന് പാസ്പോർട്ടിൽ പുതിയ എൻട്രി പെർമിറ്റ് സ്റ്റാമ്പ് ചെയ്യുന്നതടക്കം നിരവധി കടമ്പകൾ നടക്കേണ്ടി വരും.




