ഇന്ത്യയുടെ മഹിതമായ പാരമ്പര്യവും പൈതൃകവും നിലനിർത്താൻ കൈകോർക്കണം, സമസ്ത ഇസ്‌ലാമിക് സെന്റർ നേതൃത്വത്തിൽ സഊദിയിൽ പ്രത്യേക ‘ഫ്രീഡം സ്ക്വയർ’ പരിപാടികൾ

0
797

റിയാദ്: മതേതര ഇന്ത്യ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ സഊദിയിൽ ഉടനീളം സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ നടത്താൻ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്തു.

മതേതര ജനാധിപത്യ ഇന്ത്യയുടെ മഹിതമായ പാരമ്പര്യവും പൈതൃകവും തകര്‍ക്കുകയും, അധികാരം നിലനിര്‍ത്താന്‍ മതവിശ്വാസികള്‍ക്കിയില്‍ ധ്രുവീകരണം നടത്തുകയും ചെയ്യുന്ന  ഭരണകൂടത്തിന്‍റെ വര്‍ഗീയ,തീവ്രവാദ പ്രവണതകള്‍ക്കെതിരെ രാജ്യത്തെ സമാധാനമാഗ്രഹിക്കുന്ന ജനാധിപത്യ മത വിശ്വാസികള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന സന്ദേശം കൈമാറാൻ ഏവരും ജാഗ്രത പാലിക്കണം. ബഹുസ്വര സമൂഹം അധിവസിക്കുന്ന ഇന്ത്യ ഏറ്റവും വലിയ മതേതര ജനാധിപത്യ രാഷ്രടമാണ്.

നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഇന്ത്യയുടെ അടിസ്ഥാന തത്വം. എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ മതമനുസരിച്ച് ജീവിക്കാനും മതം പ്രബോധനം ചെയ്യാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തരുന്നു. അത്കൊണ്ട് പരസ്പര സൗഹാര്‍ദവും ഐക്യവും കൊണ്ട് മാത്രമേ രാഷ്ട്രത്തിന്‍റെ സുരക്ഷ സാധ്യമാകുകയുള്ളൂവെന്നതിനാൽ ഈ സന്ദേശ കൈമാറ്റം ഏവരും ഏറ്റെടുക്കണം.

ഇന്ത്യയുടെ പൂര്‍വ ചരിത്രം കൂട്ടായ്മയുടേതാണ്. സ്വാതന്ത്ര ലബ്ദി തന്നെ അതിന്‍റെ പരിണിത ഫലമായിരുന്നു. സാമൂതിരിമാരും കുഞ്ഞാലി മരക്കാർമാരും ഒന്നിച്ച് നിന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ആ പാരമ്പര്യം മുറുകെപിടിച്ച് രാഷ്ടത്തിന്‍റെ സുരക്ഷക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്തു. രാജ്യത്തെ വിവിധ പ്രൊവിൻസ്, സെൻട്രൽ തലങ്ങളിൽ സ്വാതന്ത്ര്യ സമര സ്മരണ, ദേശ സ്നേഹ സന്ദേശം, സ്വാതന്ത്ര്യ ദിനാഘോഷം, ടേബിൾ ടോക്ക്, സിമ്പോസിയം തുടങ്ങി പ്രത്യേക പരിപാടികളും നടക്കുമെന്നും നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, അബ്ദുറഹ്മാൻ മൗലവി അറക്കൽ, യു കെ ഇബ്‌റാഹീം ഓമശേരി എന്നിവർ അറിയിച്ചു.