റിയാദ്: സഊദി അറേബ്യ അടുത്തിടെ സ്വീകരിച്ച തൊഴിൽ ചട്ടങ്ങളിലെ കാര്യമായ മാറ്റങ്ങൾ ഗാർഹിക തൊഴിലാളികൾക്ക് നൽകുന്നത് കൂടുതൽ സൗകര്യങ്ങൾ. ഗാർഹിക തൊഴിലാളികൾക്ക് തൊഴിലുടമയുടെ സമ്മതമില്ലാതെ തന്നെ തൊഴിലുടമകളെ മാറാനുള്ള സാഹചര്യം വരെയുണ്ട്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സഊദി വിഷൻ 2030-ന് കീഴിലുള്ള വിപുലമായ പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മാറ്റങ്ങൾ. വീട്ടുടമയുടെ ഭാഗത്ത് കരാർ ലംഘനമുണ്ടായാൽ ഹൗസ് ഡ്രൈവർ, ഹൗസ് മെയ്ഡ് തസ്തികയിലുള്ളവർക്ക് സ്വമേധയാ മറ്റൊരിടത്തേക്ക് തൊഴിൽ മാറാനാകുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകുക.
സഊദി ‘വിഷൻ 2030’ മായി ബന്ധപ്പെട്ട പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിലാണ് സഊദി മനുഷ്യാവകാശ കമീഷൻ (എച്ച്.ആർ.സി), തൊഴിൽ ചട്ടങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തിയത്. ലക്ഷക്കണക്കിന് വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ ഇതിലൂടെ സംരക്ഷിക്കപ്പെടുമെന്നും കമീഷൻ പ്രസിഡന്റും മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി ചെയർമാനുമായ ഡോ. അവ്വാദ് അൽ അവ്വാദ് പറഞ്ഞു.
പ്രൊബേഷൻ സമയം കഴിയുന്നതിന് മുമ്പ് തൊഴിലുടമ കരാർ റദ്ദാക്കുക, തൊഴിലാളിയുടെ സമ്മതമില്ലാതെ മറ്റൊരാളുടെ കീഴിൽ തൊഴിലെടുക്കുന്നതിന് നിയോഗിക്കുക, ശമ്പളം കൃത്യമായി നൽകാതിരിക്കുക, വിശ്രമമില്ലാതെ പണിയെടുപ്പിക്കുക, അപകടകരമായ ജോലികൾ ചെയ്യാൻ പ്രേരിപ്പിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് സ്വമേധയാ മറ്റൊരു തൊഴിൽ ദാതാവിനെ സ്വീകരിക്കാം എന്നതാണ് പുതിയ പരിഷ്കരങ്ങളിൽ പ്രധാനമെന്ന് ഡോ: അവ്വാദ് വിശദീകരിച്ചു.
തൊഴിലുടമയുടെ സമ്മതമില്ലാതെ വീട്ടുജോലിക്കാരുടെ സേവനങ്ങൾ കൈമാറ്റം ചെയ്യാൻ അനുവദിക്കുന്ന പത്ത് ഘട്ടങ്ങൾ മന്ത്രിതല തീരുമാനം ഇതിനകം രൂപീകരിച്ചിരുന്നു. വേതനം നൽകാത്തതും അപകടകരമോ ആയ ജോലികൾ ഏൽപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഘട്ടങ്ങളിൽ തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിൽ മാറാനാകുന്ന കാര്യങ്ങളാണ് അനുവദിക്കുക.
വിഷൻ 2030-ന് കീഴിലുള്ള ഈ പരിഷ്‌കാരങ്ങൾ ദശലക്ഷക്കണക്കിന് വിദേശ തൊഴിലാളികൾക്ക് നൽകുന്ന ശ്രദ്ധേയമായ നയത്തിന്റെ ഉദാഹരണമാണെന്ന് ഡോ: അവ്വാദ് അൽ അവാദ് പറഞ്ഞു.
വർധിച്ച തൊഴിൽ മൊബിലിറ്റി, സഞ്ചാര സ്വാതന്ത്ര്യം, സഊദി നിയമപ്രകാരം തൊഴിൽ അവകാശങ്ങൾ എന്നിവ വർധിപ്പിച്ച രാജ്യമെന്ന നിലക്ക് ശ്രദ്ധേയമായ ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് ആഗോള സമൂഹത്തോടുള്ള സഊദി അറേബ്യയുടെ ദീർഘകാല ശ്രദ്ധയെ ഇത് എടുത്തു കാണിക്കുന്നുവെന്ന് സഊദി മനുഷ്യാവകാശ കമീഷൻ (എച്ച്.ആർ.സി) പ്രസ്താവനയിൽ പറഞ്ഞു.
തൊഴിലവകാശ സംരക്ഷണം, മനുഷ്യക്കടത്ത് തടയൽ തുടങ്ങിയ വിഷയങ്ങളിൽ സഊദി മാനവ വിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്റെ നയങ്ങൾക്ക് അനുസൃതമായി നീങ്ങുമ്പോൾ തന്നെസഊദി മനുഷ്യാവകാശ കമീഷൻ അന്താരാഷ്ട്ര തലത്തിൽ കുടിയേറ്റത്തിന് വേണ്ടിയുള്ള കൂട്ടായ്മ (ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനു)മായി ബന്ധപ്പെട്ട് പ്രവർത്തിക്കുക കൂടി ചെയുന്നുണ്ട്.
മയക്കുമരുന്ന് കടത്ത്, ഇതര കുറ്റകൃത്യങ്ങൾ എന്നിവയുടെ കാര്യത്തിൽ ഐക്യരാഷ്ട്രസഭാ ഓഫീസുമായും പ്രതിദിന ബന്ധം നിലനിർത്തുന്നു. സ്വദേശി വിദേശി വ്യത്യാസമില്ലാതെ മനുഷ്യരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ രാജ്യം അങ്ങേയറ്റം പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്‌താവനയിൽ കമീഷൻ വ്യക്തമാക്കി.