കൊയിലാണ്ടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്തു സംഘം റാഞ്ചിയ യുവാവിന്റേത്; കൊലപാതകമെന്നു പൊലീസ്‌

0
3445

കോഴിക്കോട്: കൊയിലാണ്ടി കടൽത്തീരത്ത് നിന്നും കഴിഞ്ഞദിവസം ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പെരുവണ്ണാമുഴിയിൽ നിന്ന് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദിന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധന ഫലം പുറത്തുവന്നതോടെയാണ് ഇത് ഇർഷാദാണെന്ന് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. മരണം കൊലപാതകമാണെന്നും പൊലീസ് പറഞ്ഞു.

ജൂൺ ഏഴിന്‌ കാണാതായ മേപ്പയ്യൂർ സ്വദേശി ദീപക്കിന്റെതെന്ന് കരുതി ഈ മൃതദേഹം സംസ്കരിച്ചിരുന്നു. രൂപസാദൃശ്യമായിരുന്നു കാരണം. എന്നാൽ ഈ മൃതദേഹത്തിൽ നിന്നും പൊലീസ് ഡിഎൻഎ സാമ്പിൾ ശേഖരിച്ച് സൂക്ഷിച്ചിരുന്നു. മൃതദേഹം ഇർഷാദിന്റേതാണെന്ന സംശയം ഉയർന്നതോടെയാണ് മാതാപിതാക്കളുടെ രക്ത സാമ്പിളുകൾ ഇന്നലെ പൊലീസ് ഡിഎൻഎ പരിശോധനയ്ക്കയച്ചത്. രണ്ട് ഡിഎൻഎയും ഒത്തുനോക്കിയാണ് ആളെ സ്ഥിരീകരിച്ചത്.

ഇ‍ർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേരെ കൂടി പൊലീസ് സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫ്, വൈത്തിരി സ്വദേശി ഷഹീൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കണ്ണൂർ സ്വദേശി മിർഷാദ്, വയനാട് സ്വദേശി സജീർ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

വിദേശത്ത് പോയ ഇർഷാദ് മെയ് 14നാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ആറാം തിയതി മുതൽ ഇർഷാദിനെ കാണാനില്ലെന്നും സ്വർണക്കടത്ത് സംഘം തട്ടികൊണ്ടുപോയി എന്നും ചൂണ്ടിക്കാട്ടിയാണ് കുടുംബം പരാതി നൽകിയത്. ഇതിനിടെ വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്ട്സ്ആപ്പിലൂടെ ഭീഷണി സന്ദേശ അയച്ച സംഘം ഇർഷാദിനെ കൈയും കാലും കെട്ടിയിട്ടിരിക്കുന്ന ചിത്രവും അയച്ചുകൊടുത്തിരുന്നു.

ദുബായിൽ നിന്ന് വന്ന ഇർഷാദിന്‍റെ കൈയിൽ കൊടുത്തു വിട്ട സ്വർണം തിരികെ വേണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നുമായിരുന്നു ഇവരുടെ ഭീഷണി.