ആദ്യം ദുബൈ, പിന്നീടെത്തിയത് പാകിസ്താനില്‍; 20 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം കുടുംബത്തെ കണ്ടെത്തി ഹാമിദ ബാനു, ഇനി ഇന്ത്യയിൽ കുടുംബത്തിന്റെ അടുത്തെത്തണം

0
2517

അബുദാബി: ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി അന്വേഷിച്ച് മുംബൈയില്‍ നിന്നും ദുബൈയിലേക്ക് യാത്ര തിരിച്ചതാണ് ഹാമിദ ബാനു. എന്നാല്‍ ബാനുവിനെ പാകിസ്താനിലേക്ക് കടത്തികൊണ്ടുപോകുകയായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. നീണ്ട 20 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ബാനുവിന് തിരിച്ച് എത്താനുള്ള വഴിയൊരുങ്ങിയിരിക്കുകയാണ്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിന് കാരണക്കാരായതോ ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള രണ്ട് യൂട്യൂബര്‍മാരും. പാകിസ്താന്‍ യൂട്യൂബര്‍ വലിയുല്ല മെഹ്‌റൂഫ്, ഇന്ത്യയിലെ യ്യൂടൂബറായ ഖല്‍ഫാന്‍ ഷെയ്ഖ് എന്നിവരാണ് കുര്‍ളയിലെ കസൈവാഡ പ്രദേശത്ത് താമസിക്കുന്ന കുടുംബവുമായുള്ള ബാനുവിന്റെ സമാഗമത്തിന് വഴിയൊരുക്കിയത്.

പാകിസ്താന്‍ യൂട്യൂബര്‍ വലിയുല്ല മെഹ്‌റൂഫ് തന്റെ യൂട്യൂബ് ചാനലിലൂടെ 70കാരിയായ ഹാമിദ ബാനുവിന്റെ ജീവിതകഥ പങ്കുവെക്കുകയായിരുന്നു.

ഭര്‍ത്താവും നാലു മക്കളും അടങ്ങിയതായിരുന്നു ബാനുവിന്റെ കുടുംബം. ഭര്‍ത്താവ് മദ്യപാനിയായതിനെ തുടര്‍ന്ന് തന്റെ കുടുംബം നോക്കുന്നതിനായി അവര്‍ക്ക് വീട്ടുജോലി ചെയ്യേണ്ടതായി വന്നു. ഗള്‍ഫില്‍ പോയാല്‍ നല്ല ജോലിയും ശമ്പളവും കിട്ടുമെന്ന് കേട്ടതിനെ തുടര്‍ന്നാണ് ബാനു ദുബൈയിലേക്ക് പുറപ്പെട്ടത്.

ദുബൈയിലും അബുദാബിയിലും ജോലി ചെയ്തു. പിന്നീട് വിക്രോളിയില്‍ വെച്ച് ഒരു സ്ത്രീയെ പരിചയപ്പെടുകയും അവര്‍ ദുബൈയില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഏജന്റ് തന്നെ പറ്റിക്കുകയായിരുന്നന്ന് ബാനു പറയുന്നു. ഇവര്‍ തന്നെ പാകിസ്ഥാനില്‍ ഇറക്കിവിടുകയായിരുന്നെന്നു. തുടര്‍ന്ന് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ പ്രധാന നഗരമായ ഹൈദരാബാദില്‍ താമസിക്കുകയായിരുന്നുവെന്ന് ബാനു പറഞ്ഞു.

അതേസമയം, ബാനുവിന്റെ ഇന്ത്യയിലെ കുടുംബത്തെ കണ്ടെത്താന്‍ സഹായിക്കണെമന്ന് മെഹ്‌റൂഫ് അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെ യ്യൂടൂബറായ ഖല്‍ഫാന്‍ ഷെയ്ഖ് മെഹൂഫുമായി ബന്ധപ്പെടുകയും കുടുംബത്തെ കണ്ടെത്താന്‍ സഹായിക്കാമെന്ന് അറിയിക്കുകയുമായിരുന്നു. ബാനുവിന്റെ വീഡിയോ പങ്കുവെച്ച് 30 മിനുറ്റുകള്‍ക്കകം അവരുടെ പേരക്കുട്ടി തങ്ങളെ ബന്ധപ്പെട്ടെന്ന് ഷെയ്ഖ് പറയുന്നു.

‘അമ്മയെക്കുറിച്ച് ഒരുപാട് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഒരു വിവരവും ലഭിച്ചിരുന്നില്ല. അമ്മ സുരക്ഷിതയാണെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. അവരെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കുന്നതിന് ഞങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം ആവശ്യമാണ്’ – മകള്‍ യാസ്മിന്‍ ബഷീര്‍ ഷെയ്ഖ് യാസ്മിന്‍ പറഞ്ഞു. ബാനുവിനെ തിരിച്ചെത്തിക്കാനായി പാകിസ്താന്‍ ഹൈക്കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.