നാട്ടിൽ പോയിട്ട് 9 വർഷം, ഒടുവിൽ പ്രവാസ ലോകത്ത് മരണം; പക്ഷെ, സ്പോൺസർ സഹകരിക്കാത്തതിനെ തുടർന്ന് ഖബറടക്കം നീണ്ടു, ഒടുവിൽ കൊല്ലം സ്വദേശിയുടെ മയ്യത്ത് സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിൽ മക്കയിൽ ഖബറടക്കി

0
2360

മക്ക: ഹൃദയാഘാതത്തെതുടർന്ന് മരിച്ച കൊല്ലം സ്വദേശി മുഹമ്മദ് ഷാഹുൽ ഹമീദിന്റെ (67) മൃതദേഹം മക്കയിൽ ഖബറടക്കി. ഏറെ സങ്കീർണ്ണതകൾ നിറഞ്ഞ നടപടികൾക്കൊടുവിലാണ് മയ്യത്ത് മക്കയിൽ ഖബറടക്കിയത്. നിരവധി വർഷമായി മക്കയിൽ ഡ്രൈവറായി ജോലിചെയ്തുവരുന്ന മുഹമ്മദ്കുഞ്ഞു എന്ന ഷാഹുൽ ഹമീദ് ഒമ്പതുവർഷമായി നാട്ടിൽ പോയിട്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്പോൺസറുമായി തർക്കത്തെതുടർന്ന് നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ വ്യാഴാഴ്ചയാണ് താമസസ്ഥലത്തുള്ള ശൗചാലയത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും നൽകാതിരുന്നതിനെത്തുടർന്ന് അബ്ദുൽ ഹമീദ് സ്പോൺസർക്കെതിരെ പരാതി നൽകിയിരുന്നു. തുടർന്നാണ് സ്പോൺസറുമായി പ്രശ്നത്തിലായത്. നാട്ടിൽ പോകാനുള്ള അവസരവും മുടങ്ങി. കൊവിഡ് വന്നതോടെ ജോലിയും ഇല്ലാതായി. ബംഗ്ലാദേശ് സ്വദേശിയായ സുഹൃത്തിന്റെ കൂടെ മക്കയിലെ മുഅസിം എന്ന സ്ഥലത്താണ് ഇദ്ദേഹം താമസിച്ചിരുന്നത്. ഇതിനിടെയാണ് മരണം.

ബംഗ്ലാദേശ് സ്വദേശി അറിയിച്ചതിനെത്തുടർന്ന് സന്നദ്ധപ്രവർത്തകർ മക്കയിലെ ശീശാ കിങ് ഫൈസൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാഹുൽ ഹമീദിന് മക്കയിൽ ബന്ധുക്കളായി ആരുമുണ്ടായിരുന്നില്ല.

തുടർന്ന് സന്നദ്ധപ്രവർത്തകർ ഖബറടക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയെങ്കിലും സ്പോൺസർ സഹകരിക്കാത്തതിനെത്തുടർന്ന് ഖബറടക്കം നീണ്ടു. പിന്നീട് സന്നദ്ധപ്രവർത്തകരുടെ നിരന്തര ഇടപെടൽമൂലം സ്പോൺസർ എത്തി കാര്യങ്ങൾ മുന്നോട്ടുനീക്കുകയായിരുന്നു.

ഖബറടക്കാനുള്ള നടപടികൾ പൂർത്തീകരിച്ച് ചൊവ്വാഴ്ച ഉച്ചക്കുശേഷം മക്കയിലെ ഷറായ മഖ്ബറയിൽ മറവ് ചെയ്തു. മക്ക നവോദയ പ്രവർത്തകനും സന്നദ്ധ പ്രവർത്തകനുമായ റഷീദ് തിരുവിഴാംകുന്നാണ് നിയമതടസ്സങ്ങൾ നീക്കി ഖബറടക്കം വേഗത്തിലാക്കാൻ മുൻകൈയെടുത്തത്.

ഫാത്തിമ ബീവിയാണ് മരിച്ച ഷാഹുൽ ഹമീദിന്റെ ഭാര്യ. താജുന്നീസ, അലാവുദ്ദീൻ, അദാഹിയ, ദിലീപ് എന്നിവർ മക്കളാണ്.