ജിദ്ദ: വിശുദ്ധ ഹറമിൽ 2015 സെപ്തംബർ 11 ന് നടന്ന ക്രെയിൻ അപകടത്തിൽപ്പെട്ട കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധി സഊദി സുപ്രീം കോടതി റദ്ദാക്കി കേസ് പുനഃരന്വേഷണത്തിന് ഉത്തരവിട്ടു. കേസ് വീണ്ടും പരിഗണിക്കാൻ ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2015 സെപ്തംബർ 11 ന് ഹറം വിപുലീകരണ പദ്ധതിയിൽ ഉൾപ്പെട്ട ക്രെയിൻ തകർന്ന്, 110 പേരുടെ ജീവനെടുക്കുകയും 238 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഹറം ക്രെയിൻ അപകടത്തിന് ഏഴ് വർഷത്തിന് ശേഷമാണ് കോടതിയുടെ ഉത്തരവ്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രെയിൻ തകർന്ന കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട മക്ക ക്രിമിനൽ കോടതിയുടെ വിധി അപ്പീൽ കോടതിയും നേരത്തെ ശരിവച്ചിരുന്നു. 2020 ഡിസംബറിൽ, സഊദി ബിൻ ലാദൻ ഗ്രൂപ്പ് ഉൾപ്പെടെ ഈ കേസിലെ 13 പ്രതികളെയും വെറുതെവിട്ടുകൊണ്ട് ക്രിമിനൽ കോടതി മൂന്നാം തവണയും വിധി പുറപ്പെടുവിച്ചിരുന്നു. നേരത്തെ കണ്ടെത്തിയതല്ലാതെ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വിധിയുടെ പകർപ്പ് അപ്പീൽ കോടതിക്ക് അയച്ച് ഉചിതമായത് എന്താണെന്ന് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് 2021 ഓഗസ്റ്റ് 4-ന് അപ്പീൽ കോടതി ഇത് ശരിവെക്കുകയും അന്തിമ വിധി പുറപ്പെടുവിക്കുകയും എല്ലാവരെയും കുറ്റവിമുക്തർ ആക്കുകയുമായിരുന്നു.

2017 ഒക്‌ടോബർ ഒന്നിന് നേരത്തെ പുറപ്പെടുവിച്ച വിധിയിൽ, അശ്രദ്ധ കുറ്റം ചുമത്തപ്പെട്ട 13 പ്രതികളെയും ക്രിമിനൽ കോടതി വെറുതെ വിട്ടിരുന്നു. കനത്ത മഴയും ഇടിമിന്നലുമാണ് ദുരന്തത്തിന് കാരണമെന്ന് മക്ക കോടതിയും വിധിച്ചിരുന്നു. ഈ വിധി തന്നെ ഒടുവിൽ അപ്പീൽ കോടതിയും ശരിവെക്കുകയായിരുന്നു.
എന്നാൽ, ഹറം ക്രെയിൻ അപകടത്തിൽപ്പെട്ട കേസിൽ ക്രിമിനൽ കോടതിയും അപ്പീൽ കോടതിയും പുറപ്പെടുവിച്ച എല്ലാ വിധികളും റദ്ദാക്കാൻ സുപ്രീം കോടതിയുടെ ഒന്നാം ബെഞ്ച് തീരുമാനിച്ചതായാണ് റിപ്പോർട്ട്. എല്ലാ കേസുകളും ഒരു പുതിയ ജുഡീഷ്യൽ ബെഞ്ച് പുനഃപരിശോധിക്കണമെന്നും മുമ്പ് കേസ് പരിഗണിച്ച ജഡ്ജിമാരിൽ ആരെയും ബെഞ്ചിൽ ഉൾപ്പെടുത്തരുതെന്നും ഉത്തരവുണ്ട്.
സുപ്രീം കോടതിയുടെ പുതിയ തീരുമാനം പ്രതികളെയും അപ്പീൽ കോടതിയെയും ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചിട്ടുണ്ട്. 10 പ്രതികളുടെ സാന്നിധ്യത്തിലാണ് സുപ്രീം കോടതി സെഷൻ നടത്തിയത്, അതേസമയം മൂന്ന് പ്രതികളോ അവരുടെ പ്രതിനിധികളോ സെഷനിൽ ഹാജരായില്ല. ഈ പ്രതികളുടെ അഭാവത്തിൽ കേസിന്റെ വിചാരണ പുനരാരംഭിക്കാൻ സുപ്രീം കോടതി സർക്യൂട്ട് ഉത്തരവിട്ടു.
കേസിന്റെ വിവിധ വശങ്ങളും സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളും ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിധികളും പരിശോധിച്ചതായി സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കി. ക്രെയിൻ ആവശ്യമില്ലാത്തതിനാൽ നീക്കം ചെയ്യാനുള്ള ധനമന്ത്രാലയത്തിന്റെ അഭ്യർത്ഥനയും അവലോകനം ചെയ്തു. പ്രോജക്ട് ഉടമയിൽ നിന്നോ സൂപ്പർവൈസിംഗ് കൺസൾട്ടന്റിൽ നിന്നോ വ്യക്തമായ രേഖാമൂലമുള്ള നിർദ്ദേശത്തോടെ ക്രെയിൻ അവിടെ സ്ഥാപിക്കാൻ അനുവദിക്കുന്നതിനുള്ള തെളിവുകളും പ്രതികൾ സമർപ്പിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അപകടം നടന്ന സമയം ഏറ്റവും ഉയർന്ന നിലയിൽ തിരക്ക് ഉള്ള ഹജ്ജ് സീസണായതിനാൽ ക്രെയിനിന്റെ ബൂം താഴ്ത്തിയില്ലെന്നും വേണ്ടത്ര പരിശോധിച്ചിട്ടില്ലെന്നും ഹജ്ജ് തീർഥാടകരുടെയും ഉംറ നിർവഹിക്കുന്നവരുടെയും സുരക്ഷയും സുരക്ഷ ഉറപ്പാക്കാൻ ജോലി നിർത്തിവയ്ക്കാൻ വ്യക്തമാക്കിയ സമയം ആയിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹജ്ജിനു ദിവസങ്ങൾ മാത്രം ശേഷിക്കെ 2015 സെപ്റ്റംബർ 11 ന് വെള്ളിയാഴ്ച വൈകീട്ട് 5.10 നാണ് ലോകത്തെ ഏറ്റവും വലിയ ക്രെയിൻ ശക്തമായ കാറ്റിൽ പൊട്ടിവീണത്. ദുരന്തത്തിൽ മലയാളി ഹജ് തീർഥാടകർ അടക്കം 110 പേർ മരിക്കുകയും 238 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും സ്ഥിരവൈകല്യം സംഭവിച്ചവർക്കും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പത്തു ലക്ഷം റിയാൽ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവർക്ക് അഞ്ചു ലക്ഷം റിയാൽ വീതവും ധനസഹായം നൽകി. കൂടാതെ, പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും സൗജന്യമായി ഹജ്ജ് നിർവഹിക്കാനുള്ള സൗകര്യവും സഊദി ഒരുക്കിയിരുന്നു.
മക്ക ക്രെയിൻ ദുരന്തം: കേസ് അവസാനിപ്പിച്ചു, മുഴുവൻ പ്രതികളും കുറ്റവിമുക്തർ