ജിദ്ദ: 63 മില്യണിലധികം റിയാൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളിൽ പ്രതികളായ സഊദി വനിതയ്ക്കും അറബ് പൗരത്വമുള്ള ഭർത്താവിനും 12 വർഷം തടവും 50 മില്യൺ റിയാൽ പിഴയും വിധിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. വിദേശത്തേക്ക് കൈമാറ്റം ചെയ്ത ഫണ്ടുകളുടെ സമാനമായ മൂല്യം 63,045,550 റിയാൽ, പ്രതികളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിൽ നിന്ന് പിടിച്ചെടുത്ത ഫണ്ടുകൾ 103322.23 റിയാൽ എന്നിവയും കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടു. ജയിൽ ശിക്ഷയ്ക്ക് തുല്യമായ കാലയളവിൽ പൗരയായ സ്ത്രീക്ക് യാത്രാ വിലക്ക്, ജയിൽ ശിക്ഷക്ക് ശേഷം വിദേശിയായ ഭർത്താവിനെ നാടുകടത്തൽ, വാണിജ്യ സ്ഥാപനത്തിന്റെ ബിസിനസുകൾക്ക് സ്ഥിരമായ നിരോധനം എന്നിവയും ശിക്ഷയുടെ ഭാഗമാണ്.
സഊദി സ്ത്രീ ഒരു വാണിജ്യ സ്ഥാപനത്തിന് വാണിജ്യ രജിസ്ട്രേഷൻ നേടുകയും ബാങ്ക് അക്കൗണ്ട് തുറക്കുകയും അറബ് പൗരത്വമുള്ള അവളുടെ ഭർത്താവിന് ഇത് കൈമാറുകയുമായിരുന്നു. ഇതോടൊപ്പം, പ്രതിമാസ ശമ്പളമായ 10000 റിയാൽ ഈടാക്കി, പണമിടപാട് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ വാണിജ്യ സ്ഥാപനത്തിന്റെ അക്കൗണ്ട് ഉപയോഗിക്കുന്നതിന് ഭർത്താവിന്റെ സുഹൃത്തിനു അകൗണ്ട് കൈമാറുകയും ചെയ്തിരുന്നതായും കണ്ടെത്തി.
വാണിജ്യ സ്ഥാപനത്തിന്റെ അക്കൗണ്ടിലെ സാമ്പത്തിക പ്രവാഹത്തിന്റെ അളവ് 63 മില്യൺ റിയാൽ കവിഞ്ഞതായും കസ്റ്റംസ് ഡാറ്റ ശേഖരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെടേണ്ടതുണ്ടെന്നും അന്വേഷണ നടപടിക്രമങ്ങൾ വ്യക്തമാക്കുന്നു. അന്വേഷണം പൂർത്തിയാക്കിയതായും പ്രതികളെ കോടതിയിലേക്ക് കൈമാറിയതായും പ്രാഥമിക വിധി പ്രസ്താവിച്ചതായും ബന്ധപ്പെട്ട കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു.
അതേസമയം, പ്രതികൾക്കെതിരെ ശിക്ഷ കുറഞ്ഞു പോയെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ നിലപാട്. കുറ്റകൃത്യം ചെയ്തവർക്കെതിരെ കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂഷൻ വിധിക്കെതിരെ അപ്പീൽ നൽകിയതായി ഉറവിടം സൂചിപ്പിച്ചു.