മങ്കിപോക്സ്: കേരളത്തിലെ വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡസ്ക് തുടങ്ങി, മങ്കിപോക്സ് കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നെത്തുന്നവർ നിശ്ചിത ഘട്ടങ്ങളിൽ ഹെൽപ്പ് ഡസ്കിൽ റിപ്പോർട്ട് ചെയ്യാനും നിർദേശം

0
1139

ജില്ലകളിൽ ഐസൊലേഷൻ കേന്ദ്രങ്ങളും തുടങ്ങി

തിരുവനന്തപുരം: പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ടുകളിൽ ആരോഗ്യ മന്ത്രാലയം ഹെൽപ് ഡെസ്ക് ആരംഭിച്ചു. വിദേശത്ത് നിന്ന് വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താനും അവർക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെൽപ് ഡെസ്‌ക് ആരംഭിച്ചിരിക്കുന്നത്. ജില്ലകളിൽ ഐസൊലേഷൻ സംവിധാനങ്ങൾ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ളവർ പനിയോടൊപ്പം ശരീരത്തിൽ തടിപ്പുകൾ, അല്ലെങ്കിൽ കുമിളകൾ, തലവേദന, ശരീരവേദന, പേശി വേദന, തൊണ്ട വേദന, ഭക്ഷണം ഇറക്കുവാൻ പ്രയാസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എയർപോർട്ട് ഹെൽപ് ഡെസ്‌കിനെ സമീപിക്കണമെന്നും നിർദേശമുണ്ട്. ഇതുകൂടാതെ എയർപോർട്ടുകളിൽ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അനൗൺസ്‌മെന്റും നടത്തും.

അതിനിടെ, മങ്കിപോക്സ് രോഗലക്ഷണങ്ങളെ തുടർന്ന് കണ്ണൂരിൽ ഒരാളെ നിരീക്ഷണത്തി‌ലാക്കി. വിദേശത്തുനിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ ഇയാളുടെ പരിശോധനാ ഫലം മൂന്ന് ദിവസത്തിനുള്ളിൽ ലഭ്യമാകും. വിദേശത്തുനിന്ന് മങ്കിപോക്സ് ലക്ഷണങ്ങളോടെ ആളുകൾ എത്തുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനായി വിപുലമായ പരിശോധനസംവിധാനങ്ങളും ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ സജ്ജീകരിച്ചാണ് പരിശോധന.

പ്രത്യേക സുരക്ഷാമുൻകരുതലുകൾ പാലിക്കണമെന്ന് വിമാനത്താവള ജീവനക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതി വിലയിരുത്താൻ കേരളത്തിലെത്തിയ കേന്ദ്രസംഘം രോഗബാധിതന്റെ സ്വദേശമായ കൊല്ലത്ത് സന്ദർശനം നടത്തും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്.

രോഗലക്ഷണങ്ങളുള്ളവർ വീട്ടിൽ 21 ദിവസം വായുസഞ്ചാരമുള്ള മുറിയിൽ കഴിയണം. ഈ കാലയളവിൽ വീട്ടിലെ ഗർഭിണികളുമായോ കുട്ടികളുമായോ പ്രതിരോധശേഷി കുറഞ്ഞവരുമായോ അടുത്തിടപഴകരുതെന്നും നിർദേശമുണ്ട്. ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഉടൻതന്നെ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ വിളിക്കണം.

പരിശീലന പരിപാടിയുമായി ആരോഗ്യവകുപ്പ്

മങ്കിപോക്‌സ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിപുലമായ പരിശീലന പരിപാടിയും ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്. 1200ലധികം സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതുകൂടാതെ ഐ.എം.എ.യുമായി സഹകരിച്ച് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്കും പ്രൈവറ്റ് പ്രാക്ടീഷണർമാർക്കും ആയുഷ് മേഖലയിലെ ഡോക്ടർമാർക്കുമാണ് പരിശീലനം നൽകുന്നത്.

ആരോഗ്യ വകുപ്പ് കിലയുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പരിശീലനം സംഘടിപ്പിച്ചുവരുന്നുണ്ട്. ജൂലൈ 18 തിങ്കളാഴ്ച രാവിലെ 11 മണിമുതൽ 12 മണിവരെ പരിശീലനവും സംശയ നിവാരണവും ഉണ്ടായിരിക്കും. ആരോഗ്യ വോളണ്ടിയൻമാർ, ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ആരോഗ്യ സന്നദ്ധ പ്രവർത്തകരെ ഉദ്ദേശിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് https://youtu.be/FC1gsr9y1BI എന്ന ലിങ്ക് വഴി പരിപാടി നേരിട്ട് കാണുകയും സംശങ്ങൾ‌ ചോദിക്കുകയും ചെയ്യാവുന്നതാണ്.