എയർ അറേബ്യ കൊച്ചി വിമാനത്തിന് സാങ്കേതിക തകരാർ, മുള്‍മുനയില്‍ കൊച്ചി വിമാനത്താവളത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, ഒടുവില്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കി

0
2606

കൊച്ചി: കൊച്ചിയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനത്തിന് യാത്രയ്ക്കിടയിൽ സാങ്കേതിക തകരാർ കണ്ടെത്തിയത് യാത്രക്കാരെ മുൾ മുനയിലാക്കി. വിമാനത്താവള അധികൃതരെയും ജീവനക്കാരെയും മുൾമുനയിൽ നിർത്തിയ ശേഷം വിമാനം ഒടുവിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് എയർ അറേബ്യാ വിമാനം  കൊച്ചി വിമാനത്താവളത്തിൽ അരമണിക്കൂർ നീണ്ട ആശങ്കകള്‍ക്കൊടുവിലാണ് അടിയന്തരമായി ഇറക്കിയത്. ഇതോടെയാണ് ഏവരുടെയും ശ്വാസം നേരെ വീണത്.

വിമാനത്താവള അധികൃതരെയും ജീവനക്കാരെയും അരമണിക്കൂർ സമയം മുൾമുനയിൽ നിർത്തിയാണ് വിമാനം റണ്‍വേയിൽ ഇറക്കിയത്. 

222 യാത്രക്കാരും ഏഴ് ജീവനക്കാരുമായി ഷാർജയിൽ നിന്നും പുറപ്പെട്ട എയർ അറേബ്യ G9-426 വിമാനത്തിലാണ് യന്ത്രതകരാർ സംഭവിച്ചത്. നെടുമ്പാശേരിയിൽ രാത്രി 7.13 ന് നിശ്ചയിച്ച സ്വാഭാവിക ലാൻഡിംഗിനായി ശ്രമിക്കുമ്പോഴാണ് ഹൈഡ്രോളിക്ക് സംവിധാനം തകരാറിലായതായി പൈലറ്റ് തിരിച്ചറിഞ്ഞത്. ഇതോടെ വിമാനത്താവളത്തിൽ വിവരം അറിയിച്ച് അടിയന്തര ലാൻഡിംഗ് തീരുമാനിക്കുകയായിരുന്നു.

വിമാനത്താവളത്തില്‍ സമ്പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ 7.29 ഓടെ സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയ ശേഷം എയർഅറേബ്യ വിമാനം റണ്‍വേയിൽ നിന്നും വലിച്ച് നീക്കി. രാത്രി എട്ടേകാലോടെ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചു. വിമാന സർവീസുകൾ സാധാരണ നിലയിൽ ആയതായി അധികൃതർ അറിയിച്ചു.

അതേസമയം എയർ അറേബ്യ വിമാനത്തിന്റേത് ഹൈഡ്രോളിക് തകരാറെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറക്കി എഞ്ചിൻ ഓഫ് ചെയ്യാൻ കഴിഞ്ഞെന്നും വിമാനം പാർക്കിങ് സ്ഥലത്തേക്ക് നീക്കിയെന്നും ഡിജിസിഎ പ്രതികരിച്ചു.