റിയാദ്: സഊദിയിലെ റിയാദിൽ ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു. കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി കബീര്‍ മുഹമ്മദ് കണ്ണ് (60), നാഷണല്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി പള്ളിപറമ്പന്‍ നസീര്‍ (51) എന്നിവരാണ് മരിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തിരുവനന്തപുരം സ്വദേശി കബീര്‍ മുഹമ്മദ് കണ്ണ് കഴിഞ്ഞ 20 ദിവസമായി വെൻറ്റിലേറ്ററിൽ തുടരുകയായിരുന്നു. 25 വർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം മൂന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.
മുഹമ്മദ് കണ്ണിന്റെയും അസുമ ബീവിയുടെയും മകനാണ്. മക്കള്‍: ഫാത്തിമ, ഫാസിന.
പാലക്കാട് സ്വദേശി പള്ളിപറമ്പന്‍ നസീര്‍ (51) നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തി നാല് ദിവസം പിന്നിട്ടപ്പോൾ പക്ഷാഘാതം സംഭവിക്കുകയായിരുന്നു. ശരീരത്തിന്റെ ഒരു ഭാഗം പൂർണമായി തളർന്ന ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിൽ തുടരുകയുമായിരുന്നു. 20 ദിവസത്തോളം വെന്റിലേറ്ററിൽ ആയിരുന്ന അബ്ദുൽ നാസർ തുടർചികിത്സക്കായി ജൂലൈ 21ന് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്കിടയിലാണ് മരണപ്പെട്ടത്. 28 വർഷമായി സഊദിയിലുള്ള ഇദ്ദേഹം സ്വകാര്യ കമ്പനിയിൽ ഓഫീസ് സ്റ്റാഫ് ആയി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: കുഞ്ഞീത് ഹാജി. മാതാവ്: സൈനബ. ഭാര്യ: റംല കോളശീരി. മക്കൾ: മുഹമ്മദ് നിഷാദ്, മുഹമ്മദ് ഷിബിലി, ഫാത്തിമ ലിൻഷാ, ഷദ ഫാത്തിമ. രണ്ട് മൃതദേഹങ്ങളും നാട്ടിലെത്തിക്കാനുള്ള നടപടികൾ സാമൂഹ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്.




