ജിദ്ദ: മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ അക്ബർ പൊന്നാനി (മുഹമ്മദ് അക്ബർ പടിഞ്ഞാറകം) മൂന്നു പതിറ്റാണ്ട് നീണ്ട സഊദി പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നു. നിലവിൽ ജിദ്ദയിലെ ഇസ്മായിൽ അലി അബൂദാവൂദ് കമ്പനിയിൽ ജോലി ചെയ്യുന്ന അദ്ദേഹം നാട്ടിലും നിരവധി സ്ഥാപനങ്ങളിലും പത്ര പ്രവർത്തന രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. തികഞ്ഞ സംതൃപ്തിയോടെയാണ് അദ്ദേഹം മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു ഈ ആഴ്ച നാട്ടിലേക്ക് മടങ്ങുന്നത്.
കോഴിക്കോട് ചേന്ദമംഗലൂർ ഇസ്ലാഹിയ കോളേജിൽ നിന്നും അറബി & ഇസ്ലാമിക് വിഷയത്തിൽ ബിരുദം നേടിയ ശേഷം അറബി സാഹിത്യത്തിൽ എം. ഫിൽ നേടി. തുടർന്ന് പൊന്നാനി, കൊണ്ടോട്ടി എന്നിവിടങ്ങളിൽ അധ്യാപകൻ ആയി സേവനം ചെയ്തു. ഇതിനിടയിൽ ദീപിക, ചന്ദ്രിക പത്രങ്ങളുടെ റിപ്പോർട്ടർ ആയി ജോലി ചെയ്തു. തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് ഗ്രേഡ് 2 ആയി ജോലി ചെയ്യവേ ദീർഘ കാല അവധിയിൽ ജിദ്ദയിൽ എത്തി.

ജിദ്ദ സിങ്കപ്പൂർ കോൺസുലേറ്റിൽ വിസ, ഹജ്ജ് വിഭാഗത്തിൽ ജോലി ചെയ്തു. ഇതോടൊപ്പം മാതൃഭൂമി പത്രത്തിന്റെ സഊദി റിപ്പോർട്ടർ ആയും ടൈംസ് ഓഫ് ഇന്ത്യയുടെ എൻ ആർ ഐ കൺട്രിബ്യൂട്ടർ ആയും പ്രവർത്തിച്ച അദ്ദേഹം നിലവിൽ സത്യം ഓൺലൈൻ പത്രത്തിന്റെ ജിദ്ദ റിപ്പോർട്ടർ ആണ്.
ജിദ്ദയിലെ പൊന്നാനിക്കാരുടെ കൂട്ടായ്മയായ ജിദ്ദ – പൊന്നാനി മുസ്ലിം ജമാഅത് സ്ഥാപിക്കാൻ നേതൃത്വം നൽകി. ജം ഇയ്യത്തുൽ അൻസാർ, സരണി സർഗ്ഗ വേദി, സർഗം കുടുംബ വേദി, നവോദയ തുടങ്ങിയ സാമൂഹ്യ, സാംസ്കാരിക സംഘടനകളിലും പ്രവർത്തിച്ചു.
പിതാവ്: പരേതനായ എ. പി. എം കുഞ്ഞി മൊയ്ദീൻ, മാതാവ്: ഫാത്തിമക്കുട്ടി ഭാര്യ: സാബിറ
മക്കൾ: മുഹമ്മദ് അസ്ഹർ, മുഹമ്മദ് അൻഫാൽ, മുഹിയുദ്ധീൻ, മുഹമ്മദ് അയ്മൻ. മരുമകൾ: സഫ പറങ്ങോടത്ത്




