റിയാദ്: റിയാദിലെ സഹാഫയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലിചെയ്ത് വരികയായിരുന്ന നാല് യുവതികൾക്ക് എംബസിയും സാമൂഹ്യ പ്രവർത്തകരും തുണയായി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊച്ചി കള്ളല സ്വദേശിനി മയുവഞ്ചേരി സുമി വർഗീസ്, വണ്ടിപ്പേരിയാർ സ്വദേശിനി മഞ്ജു തങ്കപ്പൻ, കൊച്ചി കഞ്ചാനി സ്വദേശിനി സുനിത ഉണ്ണികൃഷ്ണൻ, ശ്രീലങ്കൻ സ്വദേശിനി സൂര്യ പ്രിയങ്കിക എന്നിവർക്കാണ് എംബസ്സിയും സാമൂഹ്യ പ്രവർത്തകരും തുണയായത്.
ശമ്പളം നൽകാതെ ഇവരെ ഫൈനൽ എക്സിറ്റിൽ നാട്ടിൽ അയക്കാനായിരുന്നു ക്ലിനിക്ക് അധികൃതരുടെ നീക്കം. ഇത് മനസിലാക്കിയ ഇവർ എംബസി ഉൾപ്പെടെ ബന്ധപ്പെടുകയായിരുന്നു. മാനേജ്‌മെന്റിന്റെ നിരന്തരമായ കബളിപ്പിക്കൽ കാരണം ജീവനക്കാരികൾ സാമൂഹ്യ പ്രവർത്തകരെയും എംബസ്സിയെയും വിവരമറിയിക്കുകയായിരുന്നു.
ശമ്പളം കിട്ടാതെ ഫൈനൽ എക്സിറ്റിൽ പോകാൻ നിർബന്ധിതരായ ഇവർക്ക് പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ ചെയർമാൻ അസ്‌ലം പാലത്തിന്റെയും സാമൂഹ്യ പ്രവർത്തകനായ നിഅമത്തുല്ലയുടെയും നിരന്തരം ഇടപെടൽ കൊണ്ടാണ് നാടണയാൻ കഴിഞ്ഞത്.
എംബസിയിലെ ലേബർ അറ്റാഷെ ശ്യാം സുന്ദറിന്റെ നിർദ്ദേശപ്രകാരം സ്ഥാപനത്തിന്റെ മാനേജ്‍മെന്റിനെ കാണുകയും വനിതാ ജീവനക്കാർക്ക് കൊടുക്കാനുള്ള ശമ്പളത്തിന്റെ കണക്കും അടുത്ത ദിവസങ്ങളിൽ തന്നെ അത് കൈമാറുമെന്ന ഉറപ്പും എഴുതി വാങ്ങിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ മുടങ്ങി കിടന്ന മുഴുവൻ ശമ്പളവും മാനേജ്‌മെന്റ്റ് സാമൂഹ്യ പ്രവർത്തകരെ ഏൽപ്പിക്കുകയായിരുന്നു.




