അഞ്ച് അറബ് രാജ്യങ്ങൾ ഉൾപ്പെടെ 11 രാജ്യങ്ങളിലേക്ക് ഇപ്പോഴും യാത്രാ വിലക്ക്: സഊദി ജവാസാത്

0
2563

റിയാദ്: അഞ്ച് അറബ് രാജ്യങ്ങൾ ഉൾപ്പെടെ 11 രാജ്യങ്ങളിലേക്കുള്ള സഊദി പൗരന്മാർക്കുള്ള യാത്രാ വിലക്ക് ഇപ്പോഴും നിലവിലുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് അറിയിച്ചു. രാജ്യങ്ങളിൽ കൊവിഡ്-19 പാൻഡെമിക് കേസുകൾ വ്യാപകമായതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലെബനൻ, സിറിയ, ഇറാൻ, അഫ്ഗാനിസ്ഥാൻ, യെമൻ, സൊമാലിയ, കോംഗോ, ലിബിയ, അർമേനിയ, ബെലാറസ്, വെനസ്വേല എന്നിവയാണ് നിലവിൽ യാത്രാവിലക്കുള്ള രാജ്യങ്ങളെന്ന് ജവാസാത് പറഞ്ഞു.

കൊറോണ വൈറസ് മുൻകരുതൽ നടപടികളുടെയും പ്രതിരോധ പ്രോട്ടോക്കോളുകളുടെയും ഭാഗമായി നേരത്തെ നേരിട്ടും അല്ലാതെയും യാത്രാ നിരോധനം ഏർപ്പെടുത്തിയത് 16 രാജ്യങ്ങളിലേക്കായിരുന്നു. എന്നാൽ, ഈ പട്ടികയിൽ നിന്ന് എത്യോപ്യ, തുർക്കി, വിയറ്റ്നാം, ഇന്ത്യ എന്നീ നാല് രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് തിങ്കളാഴ്ച അധികൃതർ നീക്കിയിരുന്നു. നേരത്തെ ജൂൺ ഏഴിന് സഊദി പൗരന്മാർക്ക് ഇന്തോനേഷ്യയിലേക്കുള്ള യാത്രാ വിലക്കും ആഭ്യന്തര മന്ത്രാലയം നീക്കിയിരുന്നു.

തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലെ പ്രസ്താവനയിൽ, സഊദികളുടെ വിദേശ യാത്ര നടപടികൾ ജവാസാത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് അറബ് ഇതര രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന സഊദികളുടെ പാസ്‌പോർട്ടിന്റെ കാലാവധി ആറ് മാസത്തിൽ കൂടുതലായിരിക്കണം.

അറബ് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് പാസ്‌പോർട്ടിന്റെ കാലാവധി മൂന്ന് മാസത്തിൽ കൂടുതലും ഉണ്ടായിരിക്കണം. മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക്, അവരുടെ ദേശീയ ഐഡി കാർഡിന്റെ സാധുത മൂന്ന് മാസത്തിൽ കൂടുതലായിരിക്കണം.